Connect with us

International

ട്രംപിനെതിരെ അവതാരകന്റെ വിവാദ പരാമര്‍ശം; നഷ്ടപരിഹാരമായി 127 കോടിയിലധികം രൂപ എ ബി സി ന്യൂസ് നല്‍കും

ട്രംപ് നല്‍കിയ മാനനഷ്ടക്കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ എ ബി സി ന്യൂസ് സമ്മതം അറിയിച്ചത്.

Published

|

Last Updated

വാഷിങ്ടണ്‍ | നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിവാദ പരാമര്‍ശത്തില്‍ നഷ്ടപരിഹാരമായി 15 ദശലക്ഷം ഡോളര്‍ (127 കോടിയിലധികം രൂപ) സമ്മതിച്ച് വാര്‍ത്താ ചാനലായ എ ബി സി ന്യൂസ്. ട്രംപ് നല്‍കിയ മാനനഷ്ടക്കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ എ ബി സി ന്യൂസ് സമ്മതം അറിയിച്ചത്.

പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് തുക കൈമാറുക. ട്രംപിന്റെ കോടതി ചെലവായ പത്ത് ലക്ഷം ഡോളറും എ ബി സി ന്യൂസ് നല്‍കും.

ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എ ബി സി ന്യൂസിന്റെ അവതാരകന്‍ പറഞ്ഞതിന് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് ഒരു അഭിമുഖത്തിനിടെയായിരുന്നു അവതാരകന്‍ ജോര്‍ജ് സ്റ്റെഫാനോപോളോസിന്റെ വിവാദ പരാമര്‍ശം.

കേസ് ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യം ഫോക്‌സ് ന്യൂസ് ഡിജിറ്റലും, എ ബി സി ന്യൂസും അവതാരകന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും.

1996-ല്‍ ഒരു ഡിപാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ ട്രംപ് ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍, കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കേസ് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

 

Latest