Connect with us

Prathivaram

ഉദരത്തിന്റെ ഉൾവിളികൾ

Published

|

Last Updated

മനുഷ്യ ശരീരത്തിന്റെ ആരോഗ്യദായകമായ നിലനിൽപ്പിന് അനിവാര്യമായ പ്രധാന ഘടകങ്ങളാണ് ആഹാരം, വ്യായാമം, നിദ്ര. ഇവ ശരിയാംവിധം പ്രായോഗികമാക്കുന്നില്ലെങ്കിൽ ശരീരത്തിന്റെ നാഡീവ്യൂഹങ്ങൾക്കും ദഹനേന്ദ്രിയങ്ങൾക്കും കേടുപാടുകളുണ്ടാക്കുകയും ശരീരം ക്ഷയിച്ചുപോകുകയും ആയുസ്സ് തന്നെ കുറയുകയും ചെയ്യും.
ഭക്ഷ്യ സാധനങ്ങളുടെ നിലവാരവും പാചകം ചെയ്യുന്ന മുറയും കഴിക്കുന്ന രീതിയും സ്വഭാവവുമനുസരിച്ച് അതിന്റെ സ്വാധീനവും ഫലപ്രാപ്തിയും വ്യത്യാസപ്പെടുന്നു. എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവയെല്ലാം ഭക്ഷ്യ സംസ്കാരത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

ഭക്ഷണത്തിന് സമയക്രമം പാലിക്കണം. വിശപ്പിനനുസരിച്ചാണ് ഭക്ഷിക്കേണ്ടത്. വിശക്കാത്ത സമയത്ത് കഴിക്കുന്ന ഭക്ഷണം മാരകമായ രോഗങ്ങള്‍ക്ക് ഇടവരുത്തും. മൃഗങ്ങളെ പോലെ എല്ലായ്പോഴും ഭക്ഷിച്ചുകൊണ്ടിരിക്കരുത്. വാരിവലിച്ച് തിന്ന് വയറ് കുത്തിനിറക്കരുത്. ശൈഖുല്‍ ഇസ്‌ലാം ഇമാം അബൂഹാമിദിൽ ഗസാലി(റ) വയറുനിറക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങളെ സവിസ്തരം ചര്‍ച്ച ചെയ്യുന്നുണ്ട്. ആര്‍ത്തി പിടിച്ച തീറ്റക്കാര്‍ക്ക് അന്ത്യനാളില്‍ അതികഠിനമായ വിശപ്പ് അനുഭവിക്കേണ്ടിവരുമെന്ന് ഇമാം തുര്‍മുദി(റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. ഒട്ടിയ വയറ് യഥാർഥ വിശ്വാസിയുടെ ലക്ഷണമാണ്. അവൻ തിന്നാൻ വേണ്ടി ജീവിക്കുന്നതിനു പകരം ജീവിക്കാൻ വേണ്ടി തിന്നുന്നവനാകും. പ്രഭാതത്തിൽ നന്നായി കഴിക്കണം. അവയവങ്ങള്‍ക്ക് ആയാസം നൽകുന്ന ഭക്ഷണമായ ഈത്തപ്പഴം, പാൽ, പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തണം. രോഗശമനത്തിനുള്ള മരുന്നായി നബി(സ) പരിചയപ്പെടുത്തിയ തേൻ പ്രഭാതത്തിൽ ഉപയോഗിക്കുന്നത് ബുദ്ധിശക്തിക്കും ഓർമ ശക്തിക്കും നല്ലതാണ്.
ഭക്ഷണത്തളികയുടെ എല്ലാ ഭാഗത്തു നിന്നും അലങ്കോലമായി ഭക്ഷിക്കരുത്. അങ്ങനെ ചെയ്തിരുന്ന അനുചരനോട് തിരുനബി(സ) ഉപദേശിച്ചതിങ്ങനെ: “മകനേ, നീ ബിസ്മി ചൊല്ലി വലതു കൈ കൊണ്ട് പാത്രത്തിൽ നിന്നും നിന്നോട് അടുത്ത ഭാഗത്തു നിന്നും ഭക്ഷിക്കുക’. (ബുഖാരി).
വെള്ളം പാനം ചെയ്യുമ്പോള്‍ മുറുക്കുകളായി കുടിക്കാനും പാത്രത്തിലേക്ക് ശ്വാസം വിടുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പരസ്പരമുള്ള ബന്ധം ഊഷ്മളമാകുകയും ആത്മ സംതൃപ്തിയും അല്ലാഹുവിന്റെ ഇഷ്ടവും ലഭിക്കുകയും ചെയ്യുമെന്ന് ഹദീസിലുണ്ട്. നബി(സ) പറയുന്നു: “നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും അല്ലാഹുവിന്റെ നാമം ഉരുവിടുകയും ചെയ്യുക. അത് നിങ്ങളില്‍ അനുഗ്രഹം ചൊരിയും’. (അബൂദാവൂദ്).

പ്രവാചകരുടെ ഭക്ഷണ രീതിശാസ്ത്രം എത്ര മനോഹരവും ആരോഗ്യദായകവുമാണ്. “രണ്ടു പേര്‍ക്ക് ഒരാളുടെ ഭക്ഷണവും നാല് പേര്‍ക്ക് രണ്ടാളുടെതും എട്ടുപേര്‍ക്ക് നാലാളുടെതും മതി’ (മുസ്്ലിം). ഉദരത്തിന്റെ മൂന്നിലൊരുഭാഗം അന്നത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും അവിടുന്ന് ഭാഗിച്ചു നൽകി. (തുർമുദി) വിശ്വാസിയുടെ ഭക്ഷണ രീതിയെ നബി(സ) പരിചയപ്പെടുത്തുന്നതിങ്ങനെ: “സത്യവിശ്വാസി ഒരു കുടലില്‍ ഭക്ഷിക്കുമ്പോള്‍ സത്യനിഷേധി ഏഴ് കുടലില്‍ ഭക്ഷിക്കുന്നു’ (ബുഖാരി, മുസ്‌ലിം). ഇതിന്റെ വിശദീകരണത്തിൽ മഹാനായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) പറയുന്നു: “സത്യനിഷേധിയുടെ ലക്ഷ്യം വയറാണ്. വിശ്വാസിയുടെത് പരലോകവും. അതിനാല്‍ ഭക്ഷണം കുറക്കലാണ് വിശ്വാസിക്ക് അഭികാമ്യം. അത് വിശ്വാസത്തിന്റെ ശാഖയാണ്. ആര്‍ത്തി സത്യനിഷേധത്തിന്റെതും. ഭക്ഷ്യകാര്യത്തില്‍ പ്രസ്തുത അന്തരം വിശ്വാസി പാലിക്കുകയാണെങ്കിൽ ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കുക തന്നെ ചെയ്യും.

Latest