child kidnap
ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍; നേരത്തെ മറ്റ് ചില കുട്ടികളെയും ലക്ഷ്യമിട്ടതായി വിവരം
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം.
കൊല്ലം | ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കുടുംബം നേരത്തെ മറ്റ് ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി വിവരം. പ്രതികള്‍ ഒറ്റയ്ക്കു പോകുന്ന കുട്ടികളെ ലക്ഷ്യമിട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരു ബുക്കില്‍ എഴുതിയിരുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു കുറ്റകൃത്യം ചെയ്തതെന്ന പ്രതികളുടെ മൊഴി സത്യമാണോ എന്നു കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം.
പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയുമാണ് ചോദ്യം ചെയ്യല്‍. ഒന്നാംപ്രതി പത്മകുമാറിനെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. പ്രതികളുടെ ആസ്തി, സാമ്പത്തിക ബാധ്യത എന്നിവ വിശദമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തും.
റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ഏഴു ദിവസത്തേക്കാണു കൊട്ടാരക്കര കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.