Kerala
അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റി റിയാദ് കോടതി
കഴിഞ്ഞ 15ന് കോടതി ഹരജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
റിയാദ്/ കോഴിക്കോട് | സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18വര്‍ഷമായി തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍.റഹീമിന്റെ മോചന ഹരജിയില്‍ ഇന്നും വിധിയുണ്ടായില്ല.തുടര്‍ച്ചയായി ഏഴാംതവണയാണ് കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചത്.
കഴിഞ്ഞ 15ന് കോടതി ഹരജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
ഇന്ത്യന്‍ സമയം 10.30ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.കേസ് പരിഗണിക്കുന്ന പുതിയ തീയതി ലഭിച്ചിട്ടില്ലെന്ന് റഹീം സഹായ സമിതി അറിയിച്ചു.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ പോലീസ് അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്.കൊല്ലപ്പെട്ട ബാലന്റെ കുടുംബം ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (34 കോടി രൂപ) ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചത്.