Connect with us

Ongoing News

സഊദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീം ഉമ്മയെ കണ്ടു

18 വര്‍ഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച.

Published

|

Last Updated

റിയാദ് | വധശിക്ഷക്കു വിധിക്കപ്പെട്ട് സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മ ജയിലില്‍ സന്ദര്‍ശിച്ചു. 18 വര്‍ഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച.

ഉമ്മ ഫാത്തിമയെക്കൂടാതെ സഹോദരന്‍, അമ്മാവന്‍ എന്നിവരാണ് റഹീമിനെ സന്ദര്‍ശിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ എത്തിയാണ് റഹീമിനെ കണ്ടത്. ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സഊദിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ റഹീം വിസമ്മതിച്ചിരുന്നു. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അറിയിച്ചത്.

ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സഊദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നുമായിരുന്നു റഹീം അന്ന് സുഹൃത്തുക്കളെ അറിയിച്ചത്.

 

Latest