International
ഹൃദയാഘാതം; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ മക്കി മരിച്ചതായി റിപോര്‍ട്ട്
ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകര നേതാവുമാണ് മക്കി.
ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ മക്കി മരണപ്പെട്ടതായി റിപോര്‍ട്ട്. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയത്. ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകര നേതാവുമാണ് മക്കി. അസുഖബാധിതനായ മക്കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2019 മെയില്‍ ഇയാളെ പാക് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും ലാഹോറില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പാക് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ (യു എന്‍ എസ് സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയവരില്‍ മക്കിയും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
2018-ല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ ഷുജാത് ബുഖാരിയെയും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാര്‍ഡുകളെയും കൊലപ്പെടുത്തിയതിലും മക്കിക്കും സംഘത്തിനും പങ്കുണ്ടായിരുന്നു. രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.