International
ആബെയുടേ കൊലപാതകം: ജപ്പാനിൽ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷ ശക്തമാക്കി
തീവ്രവാദത്തിനും അക്രമത്തിനും ഒരിക്കലും വഴങ്ങരുതെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ

ടോക്കിയോ | മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തെ തുടർന്ന് ജപ്പാനിലെ ക്യാബിനറ്റ് മന്ത്രിമാർക്കും മറ്റ് രാഷ്ട്രീയക്കാർക്കും സുരക്ഷ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തരവിട്ടു. ദേശീയ പൊതുസുരക്ഷാ കമ്മീഷൻ ചെയർപേഴ്സൺ നിനോയു സതോഷി, നീതിന്യായ മന്ത്രി ഫുറുകാവ യോഷിഹിസ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉത്തരവ്. തീവ്രവാദത്തിനും അക്രമത്തിനും ഒരിക്കലും വഴങ്ങരുതെന്ന് കിഷിദ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കാബിനറ്റ് മന്ത്രിമാർക്കും ജപ്പാനിലെ മറ്റ് ഉന്നത രാഷ്ട്രീയക്കാർക്കും സമഗ്രമായ സംരക്ഷണം നൽകാൻ സതോഷി നാഷണൽ പോലീസ് ഏജൻസി മേധാവിക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റത്. നാരാ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു ആബെ. പ്രസംഗം തുടർന്നുകൊണ്ടിരിക്കെ 42 കാരനായ അക്രമി പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകളാണ് ആബേയുടെ ഹൃദയം തുളച്ചുകയറിയത്.
വെടിയേറ്റ തൊട്ടുപിന്നാലെ ആബെ കുഴഞ്ഞുവീണു. ഉടൻ തന്നെ ഹെലികോപ്റ്ററിൽ നാരാ മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 6 മണിക്കൂറോളം മെഡിക്കൽ സംഘം തീവ്ര ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
അക്രമിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടിയിരുന്നു. കെെകാണ്ട് നിർമിച്ച നാടൻ തോക്ക് ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്.
പൊതുവരെ രാഷ്ട്രീയ രംഗത്ത് വലിയ ആക്രമണങ്ങളൊന്നുമുണ്ടാകാത്ത രാജ്യമാണ് ജപ്പാന്‍. വെടിവെപ്പ് കേസുകള്‍ തന്നെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. അത്തരം ഒരു രാജ്യത്തെ മുന്‍പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വെടിവെപ്പ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.