Connect with us

Articles

നിലംപതിക്കുന്നത് ആബെ മാത്രമല്ല

തീവ്ര ദേശീയത കൊണ്ടും അയല്‍ക്കാരോടുള്ള ശത്രുത കൊണ്ടും സ്വന്തം പിഴവുകള്‍ എക്കാലവും പൂഴ്ത്തിവെക്കാനാകില്ലെന്ന രാഷ്ട്രീയ പാഠമാണ് ഷിന്‍സോ ആബെ വാഴ്ചയുടെ അസ്തമയ കാലം അടയാളപ്പെടുത്തുന്നത്.

Published

|

Last Updated

പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുന്നതിനിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ച വാര്‍ത്ത വന്നപ്പോള്‍ എല്ലാവരും ചോദിച്ചത് ഒറ്റ ചോദ്യമായിരുന്നു: ജപ്പാനില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ? ആദ്യ ആണവ ഭീകരാക്രമണത്തിന്റെ ഇരയായ ഈ ചെറു രാജ്യം ശാന്തതയുടെയും പ്രചോദനാത്മകതയുടെയും പ്രതീകമായാണ് പൊതുവെ അവതരിപ്പിക്കപ്പെടാറുള്ളത്. ജപ്പാന്‍കാരെ കണ്ടുപഠിക്കണമെന്ന് പറയാത്തവരുണ്ടാകില്ല. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നു പോലും നടന്നിട്ടില്ലാത്ത നാടല്ല ജപ്പാന്‍. വിരളമാണെന്നേ പറയാനാകൂ. ഷിന്‍സോ ആബെയുടെ മുത്തച്ഛനും അന്നത്തെ പ്രധാനമന്ത്രിയുമായ നോബുസുകേ കിശിക്ക് നേരേ 1960ല്‍ കത്തിയാക്രമണം നടന്നു. ഗുരുതരമായ പരുക്കുകളോടെ കിശി രക്ഷപ്പെട്ടു. അതേ വര്‍ഷം ജപ്പാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഇനേജിറോ അസാനുമാ കുത്തേറ്റ് മരിച്ചു. തീവ്ര വലതുപക്ഷ സംഘത്തിലെ അംഗമായിരുന്നു കൊലയാളി. 1990ല്‍ തൊഴില്‍ മന്ത്രി യോസുകെ നിവയും ഇതേ തരത്തിലുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1994ല്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ വധശ്രമം നടന്നതും രാജ്യത്തെ ഞെട്ടിച്ചു. 2002ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എം പിയും 2007ല്‍ നാഗസാക്കി മേയറും കൊല്ലപ്പെട്ടതും കത്തിയാക്രമണത്തിലായിരുന്നു.

പിന്നില്‍ നിന്ന് വെടിയേറ്റ് ഷിന്‍സോ ആബെ മരിച്ചു വീഴുമ്പോള്‍ ഏറ്റവും ദീര്‍ഘമായി പ്രധാനമന്ത്രി കസേരയിലിരുന്ന നേതാവ് മാത്രമല്ല ജപ്പാന്റെ പ്രതിച്ഛായ തന്നെയാണ് നിലംപതിക്കുന്നത്. വ്യക്തിപരമോ ആശയപരമോ ആയ വിയോജിപ്പുകളുടെ പേരില്‍ പൊതു ഇടങ്ങളില്‍ തോക്കെടുക്കുന്ന യുവത്വം യു എസിന്റെയും പാശ്ചാത്യ നാടുകളുടെയും ഏറ്റവും വലിയ പ്രതിസന്ധിയാണ്. അതേ അതിവൈകാരികത തലയിലേറ്റി നടക്കുന്നവര്‍ ജപ്പാനെപ്പോലെയൊരു രാജ്യത്തും പ്രത്യക്ഷപ്പെടുന്നുവെന്നതിലെ ഞെട്ടലാണ് തുടക്കത്തില്‍ ചോദിച്ച ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്.

രക്ത ഗുണം
ഒരിക്കല്‍ ജ്വലിച്ചുയരുകയും ഒടുവില്‍ എല്ലാ തിളക്കങ്ങളും നഷ്ടപ്പെട്ട് തിരസ്‌കൃതനാകുകയും ചെയ്ത രാഷ്ട്രീയ ജീവിതമാണ് ഷിന്‍സോ ആബെയുടേത്. ഭരിക്കാന്‍ ജനിച്ച കുടുംബമാണ് അദ്ദേഹത്തിന്റേത്. മാതാവിന്റെ പിതാവ് നോബുസുകേ കിശി പ്രധാനമന്ത്രിയായിരുന്നു. ഷിന്‍സോ ആബെയുടെ പിതാവ് ആബെ ഷിന്‍ഡാരോ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയും അന്താരാഷ്ട്ര വ്യാപാര, വിദേശകാര്യ മന്ത്രിയുമായിരുന്നു. ഈ പാരമ്പര്യം അദ്ദേഹത്തിന് വലിയ അനുഭവ സമ്പത്ത് നല്‍കി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്തേക്ക് അതിവേഗം കുതിക്കാനുള്ള ഊര്‍ജമിതായിരുന്നു. 1993ലാണ് ജപ്പാന്‍ പാര്‍ലിമെന്റായ ഡയറ്റിന്റെ അധോസഭയിലേക്ക് ഷിന്‍സോ ആബെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
വൈകാരിക രാഷ്ട്രീയത്തിലാണ് ഭാവിയെന്ന് തിരിച്ചറിഞ്ഞ ഷിന്‍സോ ആബെ ഉത്തര കൊറിയയെയും ചൈനയെയും നിരന്തരം വിമര്‍ശിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ചൈന നടത്തിയ അതിക്രമങ്ങളെ എണ്ണിയെണ്ണി ഓര്‍മിപ്പിച്ച ആബെ ഇത്തരം പ്രചാരണങ്ങള്‍ക്കായി തന്റെ ഔദ്യോഗിക പദവികള്‍ ഉപയോഗിച്ചു. ജപ്പാനീസ് യുദ്ധവെറിയുടെ പ്രതീകമെന്ന് ചൈനയും വിജയസ്മാരകമെന്ന് ജപ്പാനും പറയുന്ന യാസുകിനി മഠം സന്ദര്‍ശിച്ച് ഇടക്കിടക്ക് പ്രകോപനം ഉണ്ടാക്കി. ഇത് പലപ്പോഴും നയതന്ത്രതലത്തില്‍ വലിയ പരുക്കുകളേല്‍പ്പിച്ചു.
ജപ്പാനില്‍ അണു ബോംബിട്ട അതേ അമേരിക്കയുടെ പുതിയ ഭരണാധികാരികളുമായി കൈകോര്‍ത്ത ആബെ അന്താരാഷ്ട്ര വേദികളില്‍ അവരുടെ സംരക്ഷണം ആസ്വദിച്ചു. വിജയശ്രീലാളിതനായ ദേശീയവാദിയായി മാറാന്‍ എളുപ്പത്തില്‍ സാധിച്ചു. ഇതോടെ പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ അദ്ദേഹം എത്തി. 2006ല്‍ കൊയ്‌സുമി ജുനിചിറോ രാജിവെച്ചതോടെയാണ് ഷിന്‍സോ ആബെക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിതെളിഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായി അങ്ങനെ ആബെ മാറി. 2006ന് ശേഷം ഒരു വര്‍ഷവും 2012 മുതല്‍ 2020 വരെയും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ആഗസ്റ്റില്‍ ആബെ രാജിവെക്കുമ്പോള്‍ തിളങ്ങുന്ന തൂവലുകളെല്ലാം കൊഴിഞ്ഞ് ചോദ്യങ്ങള്‍ക്ക് നടുവില്‍ വിറങ്ങലിച്ച് നില്‍ക്കുന്നതാണ് കണ്ടത്. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ആബെനോമിക്‌സ് തന്നെയായിരുന്നു.
മൂന്ന് അമ്പുകള്‍
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ ഷിന്‍സോ ആബെ ആവിഷ്‌കരിച്ച പദ്ധതികള്‍ ഹ്രസ്വകാലത്തേക്കുള്ള ശക്തമായ സാമ്പത്തിക മാതൃകയായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാനെ കരകയറ്റുകയെന്ന കടുത്ത ദൗത്യമായിരുന്നു 2012ല്‍ ഷിന്‍സോയുടെ ചുമലില്‍ വന്നത്. അതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ട നയങ്ങള്‍ അറിയപ്പെടുന്നത് ആബെനോമിക്‌സ് എന്നായിരുന്നു. “മൂന്ന് അസ്ത്ര’ങ്ങളായിരുന്നു ആ നയത്തിനുണ്ടായിരുന്നത്. ഒന്ന് ഉദാര പണനയം. രണ്ട്, കൂടിയ പൊതുച്ചെലവ്. മൂന്ന്, ഘടനാപരമായ പരിഷ്‌കാരങ്ങള്‍. ബേങ്ക് ഓഫ് ജപ്പാന് സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന പിടി പരമാവധി അയച്ചു. ഡോളറിനെതിരെ യെന്നിന്റെ മൂല്യം താഴ്ത്തി. കറന്‍സി അടിച്ച് സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍തോതില്‍ ഇറക്കി. കയറ്റുമതിക്ക് വമ്പന്‍ പ്രാധാന്യം നല്‍കി. വിദേശ മൂലധനത്തിനായി വാതില്‍ തുറന്നിട്ടു. ഈ നയത്തിന് അമേരിക്കന്‍ ചേരിയുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇതിന്റെ ബലത്തില്‍ നേടിയെടുത്ത അന്താരാഷ്ട്ര കരാറുകള്‍ ആബെനോമിക്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി.
യു എസുമായുള്ള അടുത്ത ബന്ധം മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ സംരക്ഷകനാക്കി ആബെയെ മാറ്റിയിരുന്നു. ഒകിനാവയിലെ യു എസ് സൈനിക താവളത്തിനെതിരായ സ്വന്തം ജനത നടത്തിയ സമരത്തെ അദ്ദേഹം അവഗണിച്ചു. ട്രംപുമായും നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ഏറ്റവും വിശ്വസ്തനായ സുഹൃത്തെന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജപ്പാന്‍, യു എസ്, ആസ്‌ത്രേലിയ, ഇന്ത്യ എന്നിവ ചേര്‍ന്ന് 2007ല്‍ ക്വാഡ് സഖ്യം രൂപവത്കരിക്കുന്നതില്‍ മുന്നില്‍ നിന്നത് ഷിന്‍സോ ആബെയായിരുന്നു. ഈ ബന്ധങ്ങളെ അദ്ദേഹം ഊട്ടിയുറപ്പിച്ചത് ചൈനയുമായും ഉത്തര കൊറിയയുമായുള്ള ശത്രുത രാകിമിനുക്കിക്കൊണ്ടായിരുന്നു. പെസഫിക്കിലെ ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി ചൈനയുമായി നിരന്തരം കലഹിച്ചു.
ഹിരോഷിമ, നാഗസാക്കി
രാജ്യത്തിന്റെ ചരിത്രപരമായ ബോധ്യങ്ങള്‍ കടപുഴക്കിയെറിയാന്‍ ശ്രമിച്ചുവെന്നതാണ് ആബെയുടെ ഏറ്റവും വലിയ പരാജയം. മിനിമം സൈന്യം, മിനിമം പ്രതിരോധ ബജറ്റ് എന്നതായിരുന്നു ജപ്പാന്റെ പരമ്പരാഗത നയം. അത് പൊളിച്ചെഴുതാന്‍ ആബെ തുനിഞ്ഞു. ജപ്പാന്‍ ഭരണഘടനയുടെ മുഖമുദ്ര യുദ്ധവിരുദ്ധതയാണ്. തികച്ചും പ്രതിരോധപരമായ നീക്കങ്ങളില്‍ മാത്രമേ സൈന്യം ഇടപെടാന്‍ പാടുള്ളൂ. ആക്രമണം എന്നത് അസാധ്യം. സൈന്യം ആധുനികവത്കരിക്കപ്പെട്ടിരിക്കാം. ആക്രമണ സജ്ജവുമായിരിക്കാം. പക്ഷേ, മറ്റൊരു രാജ്യത്ത് ചെന്നോ, മറ്റൊരു രാജ്യത്തെയോ ആക്രമിക്കാന്‍ ഭരണഘടന ജപ്പാന്‍ സൈന്യത്തെ അനുവദിക്കുന്നില്ല. ഹിരോഷിമ, നാഗസാക്കി അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു ഭരണഘടനാ വ്യവസ്ഥക്ക് ജപ്പാന്‍ ജനത മുറവിളി കൂട്ടിയത്. അങ്ങനെയാണ് യുദ്ധം നിരാകരിക്കുന്ന നിര്‍ണായകമായ ഒമ്പതാം വകുപ്പ് പിറന്നത്. ചരിത്രത്തിന്റെ ഘടികാര സൂചി പലവുരു കറങ്ങി ഷിന്‍സോ ആബെയില്‍ എത്തിയപ്പോള്‍ ഒമ്പതാം വകുപ്പ് ജപ്പാന് ഒരു അംഗവൈകല്യമായി തോന്നി. വലിയ പ്രതിഷേധമുയര്‍ന്നതോടെ ഒമ്പതാം വകുപ്പ് റദ്ദാക്കാന്‍ സാധിച്ചില്ല. പക്ഷേ, “പുനര്‍വ്യാഖ്യാനം’ ചെയ്തു. പ്രതിരോധ ചെലവ് കൂട്ടി. വിദേശത്തേക്ക് സൈന്യത്തെ അയച്ചു.
പ്രധാനമന്ത്രിപദത്തിന്റെ അവസാനത്തില്‍ വിമര്‍ശന ശരശയ്യയിലായിരുന്നു ആബെ. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബൂമറാംഗായി. അയഞ്ഞ ഘടനയില്‍ സാമ്പത്തിക വളര്‍ച്ച താഴോട്ട് പോയി. അഴിമതി ആരോപണങ്ങള്‍ നിരവധിയുയര്‍ന്നു. സ്വന്തം കുടുംബാംഗങ്ങള്‍ക്കായി സര്‍ക്കാര്‍ രേഖകളില്‍ തിരിമറി നടത്തിയെന്ന ആരോപണം ഷിന്‍സോയുടെ പ്രതിച്ഛായ തകര്‍ത്തു.
2018 മാര്‍ച്ചിലായിരുന്നു അത്. 2020ല്‍ അദ്ദേഹം പടിയിറങ്ങുകയും ചെയ്തു. തീവ്ര ദേശീയത കൊണ്ടും അയല്‍ക്കാരോടുള്ള ശത്രുത കൊണ്ടും സ്വന്തം പിഴവുകള്‍ എക്കാലവും പൂഴ്ത്തിവെക്കാനാകില്ലെന്ന രാഷ്ട്രീയ പാഠമാണ് ഷിന്‍സോ ആബെ വാഴ്ചയുടെ അസ്തമയ കാലം അടയാളപ്പെടുത്തുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest