Connect with us

Kerala

അഭയാ കേസ് പ്രതികള്‍ക്ക് ജാമ്യം; നീതിന്യായ വ്യവസ്ഥ വീണ്ടും ചോദ്യംചെയ്യപ്പെടുന്നു

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷം വിധിപറഞ്ഞ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്കു ജാമ്യം നൽകി ഹെെക്കോടതി

Published

|

Last Updated

കോഴിക്കോട് | 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷം വിധിപറഞ്ഞ അഭയ കൊലക്കേസില്‍ കുറ്റവാളികള്‍ക്കു ജാമ്യം ലഭിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. തിരുവനന്തപുരം സി ബി ഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് എം കോട്ടൂരിനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സി ബി ഐ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി ശിക്ഷാവിധി നടപ്പാക്കുന്നത് തടഞ്ഞിട്ടുമുണ്ട്.

സി ബി ഐ പ്രോസിക്യൂട്ടറുടെ ഒത്തുകളിയാണ് ജാമ്യത്തിന് കാരണമെന്ന ആരോപണവുമായി ഈ കേസില്‍ നീതിക്കായി ഏറെകാലം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍ രംഗത്തുവന്നു. ആന്ധ്രക്കാരനായ അഭിഭാഷകനാണ് സി ബി ഐക്ക് വേണ്ടി ഹാജരായതെന്നും മലയാളം അറിയാത്ത ഇയാള്‍ക്ക് വാദത്തിനിടെ ഒന്നും പറയാന്‍ സാധിച്ചില്ലെന്നും കേസിനെ കുറിച്ച് യാതൊന്നും പഠിക്കാതെയാണ് എത്തിയതെന്നും ജോമോന്‍ പറഞ്ഞു. കൃത്യമായ ഒത്തുകളിയാണ് വ്യക്തമാവുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിധിക്കെതിരെ സി ബി ഐ അപ്പീല്‍ പോകുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

1992 മാര്‍ച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ അവിഹിതം കണ്ടതിനെ തുടര്‍ന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയില്‍ മാരകമായി മര്‍ദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്ന് കരുതി കിണറ്റില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്.

കേരളത്തെ പിടിച്ചുലച്ച സംഭവം നടന്നു മൂന്നു പതിറ്റാണ്ടിനടുത്ത നിയമ പോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 22നാണ് കേസില്‍ വിധി പറഞ്ഞത്. വിധി വന്ന് രണ്ടുവര്‍ഷം കഴിയുമ്പോള്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. കേസില്‍ വിസ്തരിച്ച 49 സാക്ഷി മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി.

ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് നിഗമനം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തി.

എന്നാല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് എഴുതണമെന്ന് സി.ബി.ഐ എസ്.പി വി ത്യാഗരാജന്‍ ആവശ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ഗ്ഗീസ് പി തോമസ് വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ 1996 ഡിസംബര്‍ ആറിന് എറണാകുളം സിജെഎം കോടതി തള്ളി. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന സി ബി ഐ വാദം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സി ബി ഐ റിപ്പോര്‍ട്ട് നല്‍കി.

ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തു. ഈ ഉത്തരവ് വഴിത്തിരിവായതോടെ പഴുതടച്ചുള്ള അന്വേഷണം നടു. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡിവൈ എസ് പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ സി ബി ഐ അറസ്റ്റ് ചെയ്തു.

ഒന്നാം പ്രതി തോമസ് കോട്ടൂരാണ് അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ചതെന്നു സി ബി ഐ കണ്ടെത്തി. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിച്ചത് കോട്ടൂരാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു. രണ്ടാം പ്രതി പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയെന്ന് സിസ്റ്റര്‍ സെഫിക്കെതിരെയും കണ്ടെത്തല്‍ ഉണ്ടായി. ജോസ് പുതൃക്കയിലെ കോടതി പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. 2021ലാണ് ഫാ.തോമസ് കോട്ടൂര്‍ സി ബി ഐ കോടതിയുടെ വിചാരണ നിയമപരമല്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, സി.ബി.ഐ പ്രതികള്‍ക്കായി കരുതികൂട്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പ്രതികളുടെ അപ്പീലില്‍ മറുപടി ഫയല്‍ ചെയ്തില്ലെന്നും പ്രതികളുടെ സ്വാധീനത്തിന് സിബിഐ വഴങ്ങിയെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രതികളുടെ അപ്പീലില്‍ സി.ബി.ഐ കൗണ്ടര്‍ ഫയല്‍ ചെയ്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്