Editors Pick
അബിഗേൽ തിരികെ! ആശങ്കയുടെ നാൾവഴി ഇങ്ങനെ
ഇന്നലെ വൈകിട്ട് നാലരയോടെ കൊല്ലം ജില്ലയിലെ ഓയൂർ ഓട്ടുമല ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ട് ഒരു സംഘം ആളുകൾ കാറിൽ കടത്തിക്കൊണ്ടുപോയ ഒന്നാം ക്ലാസുകാരിയെ തിരയുകയായിരുന്നു കേരളമൊന്നാകെ കഴിഞ്ഞ മണിക്കൂറുകളിൽ. ഒടുവിൽ 20 മണിക്കൂറുകൾക്കിപ്പുറം അവൾ സുരക്ഷിതായി തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലും ആനന്ദത്തിലുമാണ് ഓരോ മലയാളിയും.

കഴിഞ്ഞ ഇരുപതോളം മണിക്കൂറുകളിൽ കേരളം ഒന്നാകെ പറഞ്ഞ ഒറ്റ പേര് ‘അബി ഗേൽ’. ഇന്നലെ വൈകിട്ട് നാലരയോടെ കൊല്ലം ജില്ലയിലെ ഓയൂർ ഓട്ടുമല ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ട് ഒരു സംഘം ആളുകൾ കാറിൽ കടത്തിക്കൊണ്ടുപോയ ഒന്നാം ക്ലാസുകാരിയെ തിരയുകയായിരുന്നു കേരളമൊന്നാകെ കഴിഞ്ഞ മണിക്കൂറുകളിൽ. ഒടുവിൽ 20 മണിക്കൂറുകൾക്കിപ്പുറം അവൾ സുരക്ഷിതായി തിരിച്ചെത്തിയതിന്റെ ആഹ്ളാദത്തിലും ആനന്ദത്തിലുമാണ് ഓരോ മലയാളിയും.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേൽ സാറ റെജിയെ കണ്ടെത്തിയത്. കിഡ്നാപ്പിംഗ് സംഘത്തിൽപെട്ട സ്ത്രീ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഇറക്കി കടന്നുകളയുകയായിരന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആശ്രാമം മൈതാനത്തെ ഇരിപ്പിടത്തിൽ ഒറ്റക്കിരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ കോളജ് വിദ്യാർഥികളാണ് ആദ്യം കുട്ടിയെ സമീപിച്ചത്. പരീക്ഷ കഴിഞ്ഞ് ആശ്രാമം മൈതാനത്ത് ക്ഷീണമകറ്റാൻ വന്ന ധനഞ്ജയ എന്ന വിദ്യാർഥിയാണ് കുട്ടിയെ ആദ്യം കാണുന്നത്. മാസ്ക് ധരിച്ചിരുന്ന കുട്ടിയെ കണ്ട് അവർക്ക് സംശയം തോന്നി. ഇന്നലെ വൈറലായ ദൃശ്യങ്ങളിൽ കണ്ട കുട്ടിയാണോ ഇതെന്ന സംശയത്തിൽ മാസ്ക് ഊരി നോക്കിയപ്പോഴാണ് കേരളം ഒന്നാകെ തിരയുന്ന അബി ഗേൽ സാറയെന്ന കുഞ്ഞുമോളാണ് അതെന്ന സത്യം അവർ മനസ്സിലാക്കിയത്. ഉറപ്പിക്കാൻ പേര് ചോദിച്ചപ്പോൾ വിറയാന്ന ശബ്ദത്തിൽ അവൾ പറഞ്ഞു; അബി ഗേൽ. തുടർന്ന് മൊബൈൽ ഫോണിൽ രക്ഷിതാക്കളുടെ ചിത്രം കാണിച്ചതോടെ അവൾ തിരിച്ചറിഞ്ഞു. ഇതോടെ വിദ്യാർഥികൾ പോലീസിൽ വിവരം അറിയിക്കുകയും അവരെത്തി അവളെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
ഇന്നലെ വൈകീട്ട് സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് അബിഗേൽ സാറ റെജിയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ കിട്ടുന്നതുവരെ വെള്ള ഹോണ്ട അമേസ്, ഡിസെയർ കാറുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോയ വാഹനത്തിൽ നാല് പേരുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്ത്രിയാണെന്നും കുട്ടിയുടെ സഹോദരൻ ജോനാഥൻ മൊഴി നൽകിയത് അന്വേഷണത്തിൽ നിർണായകമായി.
വളരെ തന്ത്രപരമായാണ് കുട്ടിയെ കിഡ്നാപ്പിംഗ് സംഘം കാറിൽ കയറ്റിയത്. കാർ കുട്ടികൾക്കരികിൽ നിർത്തി അമ്മയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾക്ക് നേരെ ഇവർ ഒരു കടലാസ് കഷ്ണം നീട്ടി. കടലാസ് കൈപറ്റാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ കാറിനകത്തേക്ക് പിടിച്ചുകയറ്റുകയും ചെയ്തു. അബിഗേലിനെ കാറിലേക്ക് വലിച്ചിഴക്കുന്നത് കണ്ട് സഹോദരൻ തടയാൻ ശ്രമിക്കുന്നതിനിടെ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ അവൻ കുതറി മാറി. അവിടെ നിന്നും തെറിച്ച് റോഡിൽ വീണ ജോനാഥനെ ഇതുവഴിവന്ന വഴിയാത്രക്കാരിയാണ് രക്ഷപ്പെടുത്തിയത്. അപ്പോഴാണ് കുഞ്ഞുപെങ്ങളെ നാൽവർ സംഘം തട്ടിക്കൊണ്ടുപോയ കഥ അവൻ അവരോട് വെളിപ്പെടുത്തിയത്. പിന്നീട് കേരളത്തിന്റെയാകെ നോവായി മാറി അഭിഗേൽ സാറയെന്ന കൊച്ചുമിടുക്കി.
സഹോദരിയെ രക്ഷിക്കാൻ വേണ്ടി എല്ലാവിധ ശ്രമങ്ങളും നടത്തുകയും പോലീസിന് നിർണായകമായ പല വിവരങ്ങളും കൈമാറുകയും ചെയ്ത ജോനാഥന് കൈയ്യടിക്കുകയാണ് കേരള ജനത ഇപ്പോൾ. ആരും നിസ്സഹായകനായി നിന്നു പോയേക്കാവുന്ന അപ്രതീക്ഷിത സാഹചര്യത്തിൽ ഈ കുഞ്ഞു സഹോദരൻ കാണിച്ച അസാമാന്യ ധീരതയാണ് അഭിഗേലിനെ കണ്ടെത്താൻ സഹായിച്ചത്. ഒരു എ ഐ ക്യാമറ കണക്കെ അവന്റെ കണ്ണുകളിൽ എല്ലാം തെളിഞ്ഞിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഒന്നൊന്നായി അവൻ അത് വിവരിച്ചുനൽകിയതോടെ അവർക്ക് കാര്യങ്ങൾ എളുപ്പമായി.
അതിനിടെ, ഇന്നലെ വൈകുന്നേരത്തോടെ മോചന ദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് രണ്ട് തവണയാണ് ഫോൺ കോൾ വന്നു. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് പാരിപ്പള്ളിയിലെ ഒരു കടഉടമയുടെ ഫോണിൽ നിന്നാണ് ഈ സംഘം വിളിച്ചതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. മോചനദ്രവ്യം ആവശ്യപെട്ടുകൊണ്ടുള്ള ഈ ഫോൺകോളുകളാണ് അക്ഷരാർത്ഥത്തിൽ കേസിൽ വഴിത്തിരിവായി മാറിയത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം
പ്രതികൾ ഫോൺവിളിച്ച കട നിമിഷങ്ങൾക്കം പോലീസ് തിരിച്ചറിഞ്ഞു. അവിടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രേഖ ചിത്രം പോലീസ് പുറത്തുവിടുകയും ചെയ്തു. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി പോലീസും നാട്ടുകാരും പഴുതടച്ച അന്വേഷണം നടത്തി. പിടിക്കപെടുമെന്ന പൂർണബോധ്യം വന്നതോടെയാണ് പ്രതികൾ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാൻ തീരുമാനിച്ചതെന്ന് വ്യക്തം.
അബിഗേലിനെ ലക്ഷ്യം വെച്ച് ഈ സംഘം കുറച്ചായി പ്രദേശത്തുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ചത് പോലീസിനെ സംബന്ധിച്ച് സന്തോഷകരമായ കാര്യം തന്നെയാണ്. പക്ഷെ ആ കിഡ്നാപ്പിംഗ് സംഘം ഇപ്പോഴും മറക്ക് പുറകിലാണ്. അവരെ കണ്ടെത്തിയാൽ മാത്രമേ പോലീസിന്റെ ദൗത്യം പൂർത്തിയാകൂ. അബിഗേലിന്റെ ഭാവിക്കും പൂർണ സുരക്ഷിതത്തിനും ഇവരെ പിടിക്കൂടി അഴിക്കുള്ളിൽ അടയ്ക്കേണ്ടത് അനിവാര്യമാണ്.
പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ പെൺകുട്ടികൾ തുടരെ തുടരെ ആക്രമണനും തട്ടി കൊണ്ട് പോവലുകൾക്കും ഇരയാക്കപ്പെടുന്ന ഇടമായി കേരളവും മാറുകയാണ്. പലപ്പോഴും ജീവനറ്റ പെണ്മക്കളും നിലക്കാത്ത നിലവിളികളോടെ മൃദ ശരീരങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഉറ്റവരുമാണ് ഇത്തരം ഹീന കൃത്യങ്ങളുടെ പര്യവസാന കാഴ്ചകൾ. അതുകൊണ്ട് തന്നെയാണ് അബിഗെലിന്റെ സുരക്ഷിതമായ തിരിച്ചു വരവ് നമ്മെ ഇത്രയേറെ സന്തോഷിപ്പിക്കുന്നതും. പഴുതടച്ച അന്വേഷണ മികവും മാധ്യമങ്ങളുടെ കാര്യക്ഷ്‌മമായ ഇടപെടലുകളും പൊതുജനങ്ങളുടെ പ്രയത്നവുമെല്ലാം കുട്ടിയുടെ തിരിച്ചു വരവിനു കാരണമായിട്ടുണ്ട്. അബികേൽ തിരിച്ചുവന്നത്കൊണ്ട് മാത്രമായില്ല. അവളെ തട്ടിക്കൊണ്ടുപോയ നാൽവർ സംഘത്തെ അഴിക്കുള്ളിൽ അടയ്ക്കുന്നതുവരെ നമുക്ക് അടങ്ങിയിരിക്കാനാകില്ല. അപ്പോൾ മാത്രമാണ് നമ്മൾ പൂർണവിജയം കൈവരിക്കുന്നത്.