KM BASHEER MURDER
കേസ് തെളിയിക്കാനും തെളിയിക്കാതിരിക്കാനും സാമർഥ്യം
കേസ് തെളിയിക്കുന്നതിലുപരി അത് തെളിയിക്കാതിരിക്കാനാണ് പല കേസുകളിലും പോലീസ് കരുക്കൾ നീക്കുന്നത്. പ്രതികൾ ഉന്നതരോ ഉന്നതബന്ധമുള്ളവരോ ആണെങ്കിൽ കേസ് അട്ടിമറിക്കാനുള്ള പോലീസ് സാമർഥ്യത്തിന്റെ മറ്റൊരു ഉദാഹരണമായി തീരാനുള്ള വിധിയായിരിക്കുമോ കെ എം ബി കേസിനും?
കെ എം ബഷീർ കേസ് പ്രതികളുടെ വിടുതൽഹരജി വിധിന്യായത്തിൽ പോലീസിനു രൂക്ഷമായ വിമർശമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിന്നുണ്ടായത്. തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിനു വീഴ്ച സംഭവിച്ചെന്നും മദ്യപിച്ചു അപകടമുണ്ടാക്കിയാൽ ചുമത്താകുന്ന 304 (മനഃപൂർവ നരഹത്യ) വകുപ്പ് സ്ഥാപിക്കാൻ ശക്തമായ തെളിവുകൾ ഹാജറാക്കുന്നതിൽ പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി. മദ്യപിച്ചോ ഇല്ലയോ എന്നറിയാനുള്ള രക്തസാമ്പിൾ പരിശോധനക്കു പ്രതി സമ്മതിച്ചില്ലെന്നായിരുന്നു പോലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ടു രക്തം എടുക്കുന്നതിന് പ്രതിയുടെ അനുമതി ആവശ്യമില്ലെന്നും ബ്രെയിൻ മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ്, നുണപരിശോധന എന്നിവക്ക് മാത്രമേ പ്രതികളുടെ അനുമതി ആവശ്യമുള്ളുവെന്നുമാണ് നിയമവിദഗ്ധരുടെ വിശദീകരണം.
മദ്യപിച്ചു അമിതവേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്ത് വഫയും സഞ്ചരിച്ച കാർ കെ എം ബഷീറിനെ തട്ടിവീഴ്ത്തിയതെന്നു സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നവരെല്ലാം മൊഴിനൽകിയതാണ്. ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ മണം അനുഭവപ്പെട്ടിരുന്നുവെന്ന് അയാളെ ആദ്യം പരിശേധിച്ച ഡോക്ടറും ബോധിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ രക്തപരിശോധന നടത്തിയിരുന്നെങ്കിൽ അയാളുടെ മദ്യപാനം കണ്ടെത്താനാവുകയും പ്രതികൾക്കെതിരെ ചുമത്തിയിരുന്ന 304-ാം വകുപ്പ് നിലനിൽക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഐ എ എസ്-ഐ പി എസ് ലോബിയുമായി ഒത്തുകളിച്ചു പോലീസ് രക്തപരിശോധന വൈകിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടനെ രക്ത സാമ്പിൾ പരിശോധിക്കാതെ ഏറെ വൈകിയെടുത്ത രക്തസാമ്പിളിൽ മദ്യത്തിന്റെ അളവില്ലെന്നായിരുന്നു കെമിക്കൽ അനാലിസിസ് ലാബിന്റെ റിപോർട്ട്. കോടതിക്കു 304-ാം വകുപ്പ് ഒഴിവാക്കി പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ മാത്രം ചുമത്തേണ്ടി വന്നതിന്റെ പശ്ചാത്തലമിതാണ്. രക്തത്തിൽ മദ്യത്തിന്റെ അളവുകണ്ടെത്താനും മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവ് കണ്ടെത്താനും സാധിക്കാത്തതിനാൽ കൊലപാതക കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പട്ട് ശ്രീറാമിനു കോടതിയെ സമീപിക്കാൻ പോലീസ് വഴിയൊരുക്കുകയായിരുന്നു.
നരഹത്യാകുറ്റം ഒഴിവാക്കിയതോടെ കെ എം ബിക്കു നീതിലഭിക്കുമെന്ന പ്രതീക്ഷക്കു മങ്ങലേറ്റിരിക്കയാണ്. കേസിൽ നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പലതവണ ഉറപ്പ് നൽകിയിരുന്നു.എന്നാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സംവിധാനം കേസ് അട്ടിമറിച്ചുവെന്നാണ് ഇതുവരെയുള്ള കേസ് നടത്തിപ്പ് പരിശോധിക്കുമ്പോൾ വിശ്വസിക്കേണ്ടി വരുന്നത്. കേസിലെ 30-ാം സാക്ഷി ഡോ. രാകേഷ് തമ്പിയുടെ മൊഴി ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നുണ്ട്. ശ്രീറാം വെങ്കട്ടരാമനെ മെഡിക്കൽ പരിശോധന നടത്തി റിപോർട്ട് നൽകാൻ മാത്രമാണ് കാലത്ത് അഞ്ച് മണിക്ക് പോലീസ് തന്നോട് ആവശ്യപ്പെട്ടതെന്നും രക്തപരിശോധനക്കു ആവശ്യപ്പെട്ടില്ലെന്നുമാണ് ഡോ. രാകേഷ് തമ്പി നൽകിയ മൊഴി. എട്ട് മണിക്കൂർ മാത്രമേ രക്തത്തിൽ മദ്യത്തിന്റെ അളവ് നിലനിൽക്കുകയുള്ളു. രക്തപരിശോധന അത്രയും നേരം വൈകിപ്പിക്കുകയായിരിക്കണം പോലീസ് ലക്ഷ്യം.അപകടം നടന്ന് എട്ട് മണിക്കൂറിനു ശേഷമാണ് പോലീസ് രക്തപരിശോധന നടത്താൻ നിർദേശം നൽകിയത്.
രക്തപരിശോധനയുടെ കാര്യത്തിൽ മാത്രമല്ല പോലീസിന്റെ അനാസ്ഥ. കെ എം ബഷീറിന്റെ ഫോൺ കണ്ടെത്തുന്നതിൽ ഉൾപ്പെടെ അന്വേഷണോദ്യോഗസ്ഥർ ഉദാസീനത കാണിക്കുകയുണ്ടായി. കേസ് അന്വേഷണത്തിൽ ബഷീറിന്റെ ഫോൺ വളരെ പ്രധാനമാണ്. അത് ലഭ്യമായാൽ അപകടവുമായി ബന്ധപ്പെട്ട നിർണായ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആ ഫോൺ കോടതി മുമ്പാകെ എത്തരുതെന്ന് ശ്രീറാമിനും ഐ എ എസ് ലോബിക്കും നിർബന്ധമുണ്ട്.അപകടം നടന്ന ഉടനെ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. അരാണിത് സ്വച്ച് ഓഫ് ആക്കിയത്? അധികം താമസിയാതെ മാധ്യമ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബഗ്രൂപ്പിൽ നിന്നും ബഷീർ ഉപയോഗിച്ചുവന്ന നമ്പർ “ലെഫ്റ്റ്’ ആവുകയും ചെയ്തു. ഫോൺ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്ന് അനുമാനിക്കപ്പെടുന്നത്. വേണമെങ്കിൽ പോലീസ് സൈബർ സെല്ലിന് ഇതാരുടെ കൈവശമാണെന്നു കണ്ടെത്താമായിരുന്നതല്ലേ? പോലീസിന്റെ കേസ് അട്ടിമറി നീക്കത്തിനെതിരെ ഭരണകക്ഷിയനുകൂല സംഘടനകൾ തന്നെ രംഗത്തു വന്നത് ശ്രദ്ധേയമാണ്. കെ എം ബിയുടെ കൊലപാതകം മനഃപൂർവമല്ലാത്ത നരഹത്യയാക്കി മാറ്റിയത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ മനഃപൂർവമായ വീഴ്ച മൂലമാണെന്നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗമായ എ ഐ വൈ എഫ് കഴിഞ്ഞ ദിവസം ഫെയ്സ് ബൂക്കിലൂടെ കുറ്റപ്പെടുത്തിയത്.
കേസന്വേഷണത്തിലെ വീഴ്ചക്കും അനാസ്ഥക്കുമെതിരെ പോലീസിന് കോടതിയുടെ പഴി കേൾക്കേണ്ടി വരുന്നത് ഇതാദ്യമല്ല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലുൾപ്പെടെ മുമ്പും പല കേസുകളിലും കോടതികൾ പോലീസിനെ കുടഞ്ഞിട്ടുണ്ട്. ബിഷപ്പ് കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊബൈലും ലാപ്പ്ടോപ്പും കേസിലെ നിർണായക തെളിവുകളായിരുന്നുവെന്നിരിക്കെ അവ പിടിച്ചെടുത്തു പരിശോധിക്കാതെ ബോധപൂർവമായ വീഴ്ച വരുത്തുകയായിരുന്നു അന്വേഷണസംഘം. ഇക്കാര്യത്തിൽ പോലീസിന് വലിയ വീഴ്ച പറ്റിയതായി കോടതി കുറ്റപ്പെടുത്തിയിരുന്നു.
രാത്രികളിൽ ബിഷപ്പ് പലതവണ കന്യാസ്ത്രീക്ക് മെസേജുകൾ അയച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. മെസേജുകൾ വന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു കേസിൽ മുഖ്യ തെളിവാക്കി ഹാജരാക്കേണ്ടതായിരുന്നു അന്വേഷണ സംഘം. എന്നാൽ അവർ ഫോണും സിം കാർഡും വീട്ടിലേക്ക് കൊടുത്തയക്കുകയാണുണ്ടായത്. കേസ് തെളിയിക്കുന്നതിലുപരി അത് തെളിയിക്കാതിരിക്കാനാണ് പല കേസുകളിലും പോലീസ് കരുക്കൾ നീക്കുന്നത്. പ്രതികൾ ഉന്നതരോ ഉന്നതബന്ധമുള്ളവരോ ആണെങ്കിൽ കേസ് അട്ടിമറിക്കാനുള്ള പോലീസ് സാമർഥ്യത്തിന്റെ മറ്റൊരു ഉദാഹരണമായി തീരാനുള്ള വിധിയായിരിക്കുമോ കെ എം ബി കേസിനും?