Connect with us

Ongoing News

പനി കേസുകളില്‍ അസാധാരണ വര്‍ധന നാട്ടിലെത്തിയവരും പനിക്കിടക്കയില്‍

ഇന്‍ഫ്‌ലുവന്‍സയുടെ വ്യാപനം കുറക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ഉചിതമാണെന്ന് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പറഞ്ഞു

Published

|

Last Updated

ദുബൈ| ഇത്തവണത്തെ വേനല്‍ക്കാലത്ത് ഗള്‍ഫ് മേഖലയില്‍ പനി കേസുകളില്‍ അസാധാരണമായ വര്‍ധനവ് ഉണ്ടായതായി ഡോക്ടര്‍മാര്‍. ശൈത്യകാലങ്ങളില്‍ സാധാരണയായി ഉണ്ടാവുന്ന ജലദോഷവും ഇന്‍ഫ്‌ലുവന്‍സ പോലുള്ള പനിയും ഈ വര്‍ഷം വേനല്‍ക്കാലത്ത് ക്രമാതീതമായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. യു എ ഇയില്‍ സാധാരണയായി ഫ്‌ലൂ രഹിതമായി കണക്കാക്കപ്പെടുന്ന കാലഘട്ടമാണ് സമ്മര്‍ സീസണ്‍. ചുമ, മൂക്കൊലിപ്പ്, പനി, തൊണ്ടവേദന എന്നിവ അനുഭവപ്പെടുന്നവര്‍ ഏറെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.

കാലാവസ്ഥാ വ്യതിയാനം ഇതിന് പിന്നിലെ ഒരു കാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതോടൊപ്പം, അന്താരാഷ്ട്ര യാത്രകളും വിനോദസഞ്ചാരികളുടെ ഒഴുക്കും ഫ്‌ലൂ പകരുന്നതിന് കാരണമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണയായി, ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുള്ള മാസങ്ങളിലാണ് യു എ ഇയില്‍ ഇന്‍ഫ്‌ലുവന്‍സ ഏറ്റവും ഉയര്‍ന്നുവരാറുള്ളത്. എന്നാല്‍, വേനല്‍ക്കാലത്ത് ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ധിച്ചതിനെ പിന്നിലെ കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും വിശകലനം ചെയ്യുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വേനല്‍ക്കാലത്തെ അതികഠിനമായ ചൂടും ഉയര്‍ന്ന ആര്‍ദ്രതയും ചിലപ്പോള്‍ ജലദോഷം ഉണ്ടാക്കാറുണ്ട്. വീട്, ഓഫീസ്, കാര്‍ എന്നിവയിലെ എയര്‍ കണ്ടീഷനിംഗ് കാരണം താപനിലയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ചിലരില്‍ റിനിറ്റിസ്, സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ വഷളാക്കാറുണ്ട്. ഇടക്കിടെ ഉണ്ടാവുന്ന പൊടിക്കാറ്റ് ശ്വാസനാളങ്ങളിലേക്ക് പൊടി എത്തിക്കുന്നതിനും കാരണമാവും. അലര്‍ജിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളവരില്‍ ഫ്‌ലൂവിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ള രീതിയില്‍ കാണാറുണ്ട്.

അതേസമയം, ഇന്‍ഫ്‌ലുവന്‍സയുടെ വ്യാപനം കുറക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ഉചിതമാണെന്ന് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ള ആളുകള്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന് ഏറെ പ്രാധാന്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടികള്‍ ഐസ് അടങ്ങിയ ശീതളപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത്, ജങ്ക് ഫുഡ് ഉപഭോഗം വര്‍ധിക്കുന്നത്, ക്രമരഹിതമായ ഉറക്കം, വ്യായാമക്കുറവ്, വിറ്റാമിനുകളുടെ കുറവുകള്‍, പ്രത്യേകിച്ച് വിറ്റാമിന്‍ ഡി എന്നിവ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

നാട്ടിലെത്തിയവരിലും പനി

അതേസമയം, അവധി ചിലവഴിക്കാന്‍ നാട്ടിലെത്തിയ കുട്ടികളടമുള്ള കുടുംബങ്ങളിലും പനി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കടുത്ത ചൂടില്‍ നിന്ന് കനത്ത മഴയിലേക്കാണ് പ്രവാസികളായ മലയാളികള്‍ എത്തുന്നത്. ഇത് കാരണം ആളുകള്‍ക്ക് വേഗത്തില്‍ ജലദോഷമടക്കമുള്ള രോഗങ്ങള്‍ പിടിപെടുന്നുണ്ട്. അതേസമയം കേരളത്തില്‍ പനി വ്യാപകമാവുകയുമാണ്.അത്തരം ആളുകളുമായുള്ള സമ്പര്‍ക്കവും ചിലരില്‍ പനി പിടിപെടാന്‍ കാരണമായിട്ടുണ്ട്.

 

 

 

Latest