National
ജമ്മു കശ്മീരില്‍ 'അഫ്‌സ്‌പ' റദ്ദാക്കുന്നത് പരിഗണനയില്‍; സൈന്യത്തെ പിന്‍വലിക്കാനും ആലോചന: അമിത് ഷാ
നിയമ ക്രമസമാധാന പാലനം പോലീസില്‍ മാത്രം നിക്ഷിപ്തമാക്കാനും ആലോചിക്കുന്നു. ജമ്മു കശ്മീരില്‍ സെപ്തംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ സൈന്യത്തിനു നല്‍കിയ പ്രത്യേകാധികാരം (അഫ്‌സ്‌പ) റദ്ദാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും നിയമ ക്രമസമാധാന പാലനം പോലീസില്‍ മാത്രം നിക്ഷിപ്തമാക്കാനും ആലോചിക്കുന്നുണ്ടെന്നും ജെ കെ മീഡിയ ഗ്രൂപ്പിന് നല്‍കിയ ഒരഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. നേരത്തെ ജമ്മു കശ്മീര്‍ പോലീസില്‍ വിശ്വാസമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
സംഘര്‍ഷബാധിത മേഖലകളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി തിരച്ചില്‍, അറസ്റ്റ് എന്നിവ നടത്തുന്നതിനും ആവശ്യമായി വന്നാല്‍ വെടിവെക്കുന്നതിനും മറ്റും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്‌പ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 ശതമാനം മേഖലകളിലും അഫ്‌സ്‌പ നിയമം റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. നിയമം എടുത്തുകളയണമെന്ന് ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും നിരവധി സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരില്‍ സെപ്തംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ‘ജമ്മു കശ്മീരില്‍ ജനാധിപത്യം സ്ഥാപിക്കുമെന്ന പ്രധാന മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടും. എന്നാല്‍, അത് മൂന്ന് കുടുംബങ്ങളുടെ മാത്രം ജനാധിപത്യമായിരിക്കില്ല. മൊത്തം ജനങ്ങളുടെ ജനാധിപത്യമായിരിക്കും.’- അമിത് ഷാ പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സെപ്തംബറിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.