National
തിരഞ്ഞെടുപ്പിലെ ഒ ബി സി സംവരണം റദ്ദാക്കല്‍; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡിസംബര്‍ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് റദ്ദാക്കിയത്.
ലഖ്‌നൗ | നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ ബി സി) സംവരണത്തിനായി പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡിസംബര്‍ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് സൗരവ് ലവാനിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഒ ബി സി സംവരണമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് കോടതിയുടെ നിര്‍ദേശം. സുപ്രീം കോടതി നിര്‍ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പാലിക്കാതെ ഒ ബി സി സംവരണ കരട് തയ്യാറാക്കിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
സംവരണം നിശ്ചയിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒ ബി സി വിഭാഗക്കാരുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിക്കാന്‍ സമര്‍പ്പിത കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.