National
27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം; ഗുജറാത്തിലെ ബലാത്സംഗ അതിജീവിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണം.

ന്യൂഡല്‍ഹി| ഗുജറാത്തിലെ കോടതികളില്‍ എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി. രാജ്യത്തെ ഒരു കോടതിക്കും സുപ്രീംകോടതിയെ എതിര്‍ത്ത് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ ഗര്‍ഭഛിദ്രം സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ അടിയന്തര സ്വഭാവമുള്ള ഹരജി 12 ദിവസത്തോളം നീട്ടിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ജഡ്ജിക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. കേസില്‍ വാദം കേട്ട സുപ്രീംകോടതി അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി.
ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ടി വന്നാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.