Connect with us

From the print

നൂറോളം വിമാനങ്ങള്‍ക്ക് ഇന്നലെയും ഭീഷണി

എയര്‍ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവയുടെ 95 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ വിമാന സര്‍വീസുകള്‍ക്കു നേരെയുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ എയര്‍ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവയുടെ 95 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. ആകാശ എയറിന്റെ 25 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങള്‍ക്കും സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതം വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുവരെ 265ലധികം വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു.

അതിനിടെ, ഇതു സംബന്ധിച്ച അന്വേഷണവുമായി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും എക്സും സഹകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യാജ ഭീഷണി സന്ദേശം അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്റെയും മെറ്റയുടെയും പ്രതിനിധികള്‍ക്ക് കേന്ദ്ര ഐ ടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വ്യാജ ബോംബ് ഭീഷണി മുഴക്കിയ 11 എക്സ് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി ബ്ലോക്ക് ചെയ്തിട്ടുണ്ട്. വ്യാജ ഭീഷണി കാരണം ഒമ്പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയിലധികമാണ്. ഭീഷണി സ്ഥിരീകരിക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യേണ്ടെന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് റിപോര്‍ട്ട്.