Kerala
സംസ്ഥാനത്ത് 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത; ഒരു കോടി പേരില്‍ സ്‌ക്രീനിംഗ് നടത്തി
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിലാണ് കണ്ടെത്തല്‍.
തിരുവനന്തപുരം | സംസ്ഥാനത്ത് 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യതയെന്ന് കണ്ടെത്തല്‍. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിലാണ് കണ്ടെത്തല്‍. ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 44.85 ശതമാനം പേര്‍ക്ക് (45,00,077) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി.
നിലവില്‍ രക്താതിമര്‍ദം മാത്രമുള്ള 13,39,455 (13.35 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 8,85,051 (8.82 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 6,01,958 പേരുടേയും (ആറ് ശതമാനം) ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി. കാന്‍സര്‍ സാധ്യതയുള്ള 2,03,506 പേരെ (2.03 ശതമാനം) കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 39,889 പേരെ വായിലെ കാന്‍സറും 1,25,985 പേരെ സ്തനാര്‍ബുദവും 45,436 പേരെ ഗര്‍ഭാശയഗള കാന്‍സറും സംശയിച്ചാണ് റഫര്‍ ചെയ്തത്. 2,42,736 പേരെ ടി ബി പരിശോധനയ്ക്കായും 3,87,229 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു.
97,769 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 1,61,494 പേരേയും 33,25,020 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു. പുതുതായി ഉള്‍പ്പെടുത്തിയവയില്‍ 2,50,288 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 30,69,087 പേരെ കാഴ്ച പരിശോധനയ്ക്കായും 4,18,385 പേരെ കേള്‍വി പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 2,21,230 വയോജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 1,29,753 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫര്‍ ചെയ്തു.
ആദ്യഘട്ടത്തില്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. നവകേരളം കര്‍മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ പത്ത് പദ്ധതികളില്‍ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധവും കാന്‍സര്‍ പ്രതിരോധവും. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം ഒമ്പത് ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തി. ഇത്തരത്തില്‍ കണ്ടെത്തിയ ആളുകളില്‍ ആദ്യഘട്ടത്തില്‍ 1.5 ലക്ഷം ആളുകളും രണ്ടാം ഘട്ടത്തില്‍ 40,000 പേരും മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് തയ്യാറായത്. സ്‌ക്രീനിംഗില്‍ കണ്ടെത്തിയ ഭൂരിപക്ഷം പേരും കാന്‍സര്‍ തുടര്‍ പരിശോധനയ്ക്ക് സന്നദ്ധരാകുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ‘ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ കാമ്പയിന്‍ ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.