indian evacuation in ukrine
യുക്രൈനില്‍ നിന്ന് അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടനെ റുമേനിയയിലെത്തിക്കും
വിമാനങ്ങള്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.
കീവ്/ ന്യൂഡല്‍ഹി | യുക്രൈനിലെ 470ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടനെ റുമേനിയയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അവിടെ നിന്ന് ഇവരെ ഇന്ത്യയിലെത്തിക്കും. ഇതിനായി പ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചക്ക് ശേഷം പൊരുബ്‌നെ- സിറെറ്റ് അതിര്‍ത്തി വഴി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റുമേനിയയിലേക്ക് കടക്കും. അതിര്‍ത്തി പ്രദേശങ്ങളിലെത്തിയ ഇന്ത്യക്കാരെ അയല്‍ രാജ്യങ്ങളിലെത്തിച്ച് ഒഴിപ്പിക്കുന്ന നടപടിയിലാണ് യുക്രൈനിലെ ഇന്ത്യന്‍ എംബസി. കരമാര്‍ഗം യുക്രൈന്‍- റുമേനിയ അതിര്‍ത്തിയിലെത്തിയ ഇന്ത്യക്കാരെ റുമേനിയന്‍ തലസ്ഥാനമായ ബുച്ചാറെസ്റ്റിലേക്ക് എത്തിക്കും.
ബുച്ചാറെസ്റ്റിലേക്ക് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട വിമാനങ്ങള്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. റുമേനിയയിലേക്കും ഹംഗറിയിലേക്കും ഇന്ത്യക്കാരെ എത്തിച്ച് ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഇന്ത്യന്‍ എംബസി ആസൂത്രണം ചെയ്തത്.