Connect with us

National

ആറായിരത്തോളം എന്‍ജിഒകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് നഷ്ടമായി

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി നിരവധി സംഘടനകള്‍ക്ക് എഫ് സി ആര്‍ എ ലൈസന്‍സ് നഷ്ടമായത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആറായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് (എന്‍ ജി ഒ) വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് നഷ്ടമായി. കാലാവധി അവസാനിക്കും മുമ്പ് പുതുക്കാത്തതാണ് ഭൂരിഭാഗം സംഘടനകള്‍ക്കും ലൈസന്‍സ് നഷ്ടപ്പെടാന്‍ കാരണമായത്. ചില സംഘടനകളുടെ പുതുക്കല്‍ അപേക്ഷ കേന്ദ്രം നിരസിക്കുകയും ചെയ്തു.

ഐഐടി ഡല്‍ഹി, ജാമിയ മിലിയ ഇസ്‌ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ഇന്ത്യയിലുടനീളമുള്ള ഒരു ഡസനിലധികം ആശുപത്രികള്‍ നടത്തുന്ന ഇമ്മാനുവല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍, ട്യൂബര്‍കൊളോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വിശ്വ ധര്‍മയാതന്‍, മഹര്‍ഷി ആയുര്‍വേദ പ്രതിഷ്ഠാന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍സ് കോഓപ്പറേറ്റീവ്‌സ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 6,000 ത്തോളം സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ശനിയാഴ്ച അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാത്തതിനാലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ അപേക്ഷകള്‍ നിരസിച്ചതിനാലോ ആണ് ഇവയ്ക്ക് ലൈസന്‍സ നഷ്ടമായത്.

5,933 എന്‍ജിഒകള്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്. വെള്ളിയാഴ്ച വരെ 22,762 എന്‍ജിഒകള്‍ എഫ്‌സിആര്‍എ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,933 എന്‍ജിഒകള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടതോടെ ഇത് 16,829 ആയി കുറഞ്ഞു.

ഏതൊരു അസോസിയേഷനും എന്‍ജിഒയ്ക്കും വിദേശ ധനസഹായം ലഭിക്കുന്നതിന് എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി നിരവധി സംഘടനകള്‍ക്ക് എഫ് സി ആര്‍ എ ലൈസന്‍സ് നഷ്ടമായത്.