International
അമ്പതോളം പേർ വെന്തുമരിച്ചു; കൂടാരങ്ങളിൽ കൂട്ടക്കുരുതി
ഇസ്‌റാഈൽ ആക്രമണം മാനുഷിക സുരക്ഷിത മേഖലയിൽ
ഗസ്സ | തെക്കൻ ഗസ്സയിലെ മാനുഷിക സുരക്ഷിത മേഖലയിൽ അഭയാർഥികൾ താമസിച്ചിരുന്ന കൂടാരങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ അമ്പതോളം ഫലസ്തീനികൾക്ക് ദാരുണാന്ത്യം. കൂടാരങ്ങൾ കത്തിയമരുകയും കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ മണൽത്തരികളിൽ വെന്തുമരിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയോടടുത്ത സമയത്താണ് ആക്രമണം.
19 മൃതദേഹങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ് നിരവധി പേർ പരിമിതമായ സൗകര്യങ്ങളിൽ ആശുപത്രിയിൽ നരകിക്കുകയാണ്.
ഇസ്‌റാഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് അൽ മവാസിയിൽ താത്കാലിക കൂടാരങ്ങളിൽ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. മണൽ നിറഞ്ഞ വിശാലമായ ഭൂമിയിലായിരുന്നു താത്കാലിക കൂടാരങ്ങളിൽ കുടിയിറക്കപ്പെട്ടവർ കഴിഞ്ഞിരുന്നത്.
സ്‌ഫോടനത്തെ തുടർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും നിരവധി പേർ മണൽ നിറഞ്ഞ കുഴികളിലകപ്പെടുകയും ചെയ്തു. പത്ത് മുതൽ 15 മീറ്റർ വരെ ആഴത്തിലുള്ള ഡസൻ കണക്കിന് കുഴികളാണ് രൂപപ്പെട്ടത്. ആറിലധികം മിസൈലുകളും ബോംബുമാണ് കൂടാരങ്ങൾ തകർത്തതെന്ന് ആരോഗ്യ അധികൃതരും സമീപവാസികളും പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ചിതറിയ ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയതെന്ന് സ്‌ഫോടനത്തെ അതിജീവിച്ച ഉല അൽ ശാഹിർ പറഞ്ഞു.
ജനസാന്ദ്രതാ മേഖലയിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭാ മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ ടോർ വെന്നെസ്‌ലാൻഡ് ശക്തമായി അപലപിച്ചു.
അതേസമയം, 1,000 കിലോ ഭാരമുള്ള എം കെ- 84 ബോംബ് ഉപയോഗിച്ചാണ് മവാസിയിലെ അഭയാർഥി ക്യാമ്പ് ഇസ്‌റാഈൽ ആക്രമിച്ചതെന്ന് അൽ ജസീറ സനദ് ഏജൻസി വെളിപ്പെടുത്തി.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ തുൽക്കറമിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു.
തുൽക്കറമിലെ അടിയന്തര സേവന കേന്ദ്രത്തിൽ നിന്ന് തങ്ങളുടെ രണ്ട് ആരോഗ്യ പ്രവർത്തകരെ ഇസ്റാഈൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
ലബനാനിലെ പടിഞ്ഞാറൻ ബെകാ ജില്ലയിൽ ഹിസ്ബുല്ല കമാൻഡറെ ഇസ്‌റാഈൽ വധിച്ചു. ഇസ്‌റാഈൽ- ലബനാൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെച്ച് മോട്ടോർ സൈക്കിളിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കമാൻഡർ മുഹമ്മദ് ഖസ്വീം അൽ ശാഇർ ആണ് കൊല്ലപ്പെട്ടത്. മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചു.