Editorial
പോലീസിലെ ആത്മഹത്യയെക്കുറിച്ച്
പോലീസിലെ ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടെത്താനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ പോലീസിന്റെ തന്നെ ഭാഗമായ തൃശൂരിലെ അക്കാദമി പഠനം നടത്തിയാൽ മേലുദ്യോഗസ്ഥരുടെ പീഡനം പോലുള്ള കാരണങ്ങൾ പുറത്തുവരുമോ? പുറത്തുള്ള ഏതെങ്കിലും ഏജൻസികളെയായിരുന്നു പഠനത്തിന് നിയോഗിക്കേണ്ടത്.
പോലീസ് സേനയിൽ ആത്മഹത്യാ പ്രവണത വർധിച്ച പശ്ചാത്തലത്തിൽ ഇതേക്കുറിച്ചു പഠനം നടത്തുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. തൃശൂർ പോലീസ് അക്കാദമി ഗവേഷണ വിഭാഗത്തെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്. പത്ത് വർഷത്തിനകം ആത്മഹത്യ ചെയ്ത പോലീസുകാരുടെ ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ, സഹപാഠികൾ, അയൽവാസികൾ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും സർവേയെന്ന് ആഭ്യന്തര വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ സേനയുമായി ബന്ധപ്പെട്ട 700 പേരിൽ സാമ്പിൾ സർവേ നടത്തിയായിരിക്കും പഠനസംഘം റിപോർട്ട് തയ്യാറാക്കുക. സേനാംഗങ്ങളുടെ മാനസിക സമ്മർദമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുകൂട്ടൽ.
തണ്ടർബോൾട്ട് കമാൻഡോ വിനീതിന്റെ ആത്മഹത്യയെ തുടർന്ന് സേനയിലെ ആത്മഹത്യാ പ്രവണത വീണ്ടും സമൂഹത്തിലും മാധ്യമങ്ങളിലും സജീവ ചർച്ചയാകുകയും ആഭ്യന്തര വകുപ്പിനെ ഇത് പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയം പഠിക്കാൻ സർക്കാർ മുന്നോട്ടു വന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മലപ്പുറം ജില്ലയിലെ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പിൽ (എസ് ഒ ജി) സേവനമനുഷ്ഠിക്കുന്ന തണ്ടർബോൾട്ട് കമാൻഡർ വിനീതിനെ ക്വാർട്ടേഴ്‌സിലെ കുളിമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണമറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നുമാണ് മേലുദ്യോഗസ്ഥരുടെ പ്രതികരണം. ലീവിനാവശ്യപ്പെട്ടിട്ടും നൽകാത്തത് ഉൾപ്പെടെ മേലുദ്യോഗസ്ഥരുടെ പീഡനമാണ് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബറ്റാലിയനിലെ പീഡനവും അതിക്രമവും ചൂണ്ടിക്കാട്ടി വിനീത് ആത്മഹത്യക്കു മുമ്പ് ബന്ധുവിന് കത്തയച്ചിരുന്നതായി ടി സിദ്ദീഖ് എം എൽ എ പറയുന്നു. കത്തിൽ അസ്സിസ്റ്റന്റ്കമാൻഡർ അജിത്തിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
സേനയിൽ മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും മാനസിക പീഡനവും സംബന്ധിച്ച പരാതി കീഴുദ്യോഗസ്ഥരിൽ വ്യാപകമാണ്. രണ്ടാഴ്ച മുമ്പാണ് വയനാട് വൈത്തിരി സ്റ്റേഷൻ ഇൻസ്‌പെക്ടർ, ആദിവാസി വിഭാഗത്തിൽപ്പെട്ട സീനിയർ സിവിൽ പോലീസ് ഓഫീസറെ (സി പി ഒ) ജാതിയധിക്ഷേപം നടത്തിയതായി പരാതിയുയർന്നത്. രാവിലെ പരേഡ് സമയത്തായിരുന്നു, ആദിവാസികൾ പോലീസിൽ സേവനമനുഷ്ഠിക്കുന്നതിൽ നീരസം പ്രകടിപ്പിക്കുന്നതായിരുന്നു ഇൻസ്‌പെക്ടറുടെ അധിക്ഷേപം. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും സി പി ഒയെ വയനാട് ചുരത്തിൽ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു. ആദിവാസികളെ അവമതിക്കുന്ന തരത്തിലുള്ള സംസാരം ഇൻസ്‌പെക്ടറിൽ നിന്നുണ്ടാകാറുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ആരോപണവിധേയനായ ഈ ഇൻസ്‌പെക്ടർ വൈത്തിരിയിൽ ചുമതയലയേറ്റടുത്ത ശേഷം ഒമ്പത് കീഴുദ്യോഗസ്ഥരാണ് മെഡിക്കൽ ലീവിൽ പോയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 138 പോലീസുകാർ ആത്മഹത്യ ചെയ്തിട്ടുണ്ട് സംസ്ഥാനത്ത്. താഴേതട്ടിലുള്ള ജീവനക്കാരാണ് ഇവരിൽ അധികപേരും. മാനസിക സമ്മർദം, കുടുംബ പ്രശ്‌നം, സാമ്പത്തിക പ്രതിസന്ധി, മദ്യപാനം തുടങ്ങിയ കാരണങ്ങളാണ് ആഭ്യന്തര പഠന റിപോർട്ടിൽ ആത്മഹത്യക്ക് കാരണമായി പറയുന്നതെങ്കിലും മേലുദ്യോഗസ്ഥരിൽ നിന്നുള്ള മോശം പെരുമാറ്റവും പീഡനവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മേലുദ്യോഗസ്ഥരുടെ വേലക്കാരുടെ റോളാണ് പല സ്റ്റേഷനുകളിലും കീഴുദ്യോഗസ്ഥർക്ക്. മേലുദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വേണം അവർ പ്രവർത്തിക്കാ ൻ. മേലാളന്മാർക്ക് നീരസം തോന്നിയാൽ മാനസികമായും ശാരീരികമായും പീഡനമേൽക്കേണ്ടിവരും. ഇവ്വിധം കടുത്ത മാനസിക പ്രയാസം അനുഭവിക്കുന്ന ധാരാളം പേരുണ്ട് സേനയിൽ.
അമിത ജോലിഭാരമാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. ഭരണവിഭാഗം ജീവനക്കാരുൾപ്പെടെ 66,881 പേർ വേണ്ടിടത്ത് 52,924 ആണ് നിലവിൽ സേനയിലെ അംഗങ്ങളുടെ എണ്ണം. ജീവനക്കാരുടെ കുറവ് ജോലിഭാരം വർധിപ്പിക്കുന്നു. പീഡനവും ജോലിഭാരവും കാരണം സേനയിൽ നിന്ന് സ്വയം വിരമിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. രാഷ്ട്രീയ സമ്മർദങ്ങളും പോലീസുകാരെ പ്രയാസത്തിലാക്കുന്നതായി പോലീസ് അസ്സോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഓരോ സർക്കാറിന്റെ കാലത്തും ഭരണകക്ഷിക്കാരുടെ നിർദേശങ്ങൾ അനുസരിക്കാൻ നിർബന്ധിതരാകുകയാണ് സേനാംഗങ്ങൾ. ഇല്ലെങ്കിൽ ആഭ്യന്തര വകുപ്പിന്റെ അനിഷ്ടത്തിനു കാരണമാകും.
പോലീസുകാരുടെ മാനസിക പ്രയാസം കുറക്കാനായി ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു ഡി ജി പി ദർവേഷ് സാഹെബ്. ആഴ്ചയിലെ ഓഫും ജന്മദിനത്തിനും വിവാഹവാർഷികത്തിനും മറ്റുമുള്ള അവധികളും പരമാവധി അനുവദിക്കുക, മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോൾ സഹപ്രവർത്തകരുടെ ഇടപെടൽ, യോഗാ പരിശീലനം വ്യാപകമാക്കൽ തുടങ്ങിവയാണ് നിർദേശങ്ങൾ. എന്നാൽ പല സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവ് കാരണവും മറ്റും അവധി കൃത്യമായി നൽകാൻ സാധിക്കുന്നില്ല. സേനയിലെ അംഗബലം വർധിപ്പിച്ചെങ്കിൽ മാത്രമേ ഇത്തരം നിർദേശങ്ങൾ നടപ്പാക്കാനാകുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസിലെ ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടെത്താനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ പോലീസിന്റെ തന്നെ ഭാഗമായ തൃശൂരിലെ അക്കാദമി പഠനം നടത്തിയാൽ മേലുദ്യോഗസ്ഥരുടെ പീഡനം പോലുള്ള കാരണങ്ങൾ പുറത്തുവരുമോ? ഉന്നത ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ റിപോർട്ടിൽ ഉൾപ്പെടുത്താൻ ഈ പഠന സംഘത്തിനു ആർജവമുണ്ടാകുമോ? പോലീസിനു പുറത്തുള്ള ഏതെങ്കിലും ഏജൻസികളെയായിരുന്നു പഠനത്തിന് നിയോഗിക്കേണ്ടത്.