International
കൊടുംചൂടിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും!
കൊടും ചൂടില്‍ ആറടി ഉയരമുള്ള പ്രതിമയുടെ തല നഷ്ടപ്പെട്ടു.
വാഷിംഗ്ടൺ ഡി സി | അമേരിക്കൻ മുന്‍പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണിൻ്റെ മെഴുക് പ്രതിമ വാഷിംഗ്ടൺ ഡിസിയിലെ കൊടും ചൂടിൽ ഉരുകിയൊലിച്ചു. കൊടും ചൂടില്‍ ആറടി ഉയരമുള്ള പ്രതിമയുടെ തല നഷ്ടപ്പെട്ടു. കാലുകൾ ഉടലിൽ നിന്ന് വേർപെടുകയും വലതു കാൽ തിങ്കളാഴ്ചയോടെ ഉരുകുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
മെഴുക് പ്രതിമ വാഷിംഗ്ടൺ ഡിസിയിലെ ഒരു പ്രാഥമിക വിദ്യാലയത്തിന്‍റെ അങ്കണത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ പതിനാറാമത്തെ പ്രസിഡന്റും, അടിമ വ്യാപാര നിരോധനമടക്കം സുപ്രധാന നിയമങ്ങളിലൂടെ അമേരിക്കൻ ചരിത്രത്തിലെ അവിസ്മരണീയനായ പ്രസിഡന്റുമാണ് ലിങ്കണ്‍.
യുഎസ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമൻ സൃഷ്ടിച്ച വെളുത്ത മെഴുകുപ്രതിമ ഈ വർഷം ഫെബ്രുവരിയിലാണ് വടക്കുപടിഞ്ഞാറൻ വാഷിംഗ്ടണിലെ ഒരു പ്രാഥമിക വിദ്യാലയത്തിൻ്റെ കാമ്പസിൽ സ്ഥാപിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ചില പ്രത്യേക സംഭവങ്ങള്‍ മെഴുകില്‍ രൂപപ്പെടുത്തിയെടുക്കുന്ന സീരീസിന്‍റെ ഭാഗമായുള്ള പ്രതിമകളിലൊന്നാണിത്. ഒരു കാലത്ത് മുൻ അടിമകൾക്കും സ്വതന്ത്രരായ ആഫ്രിക്കൻ അമേരിക്കക്കാർക്കുമായി ആഭ്യന്തരയുദ്ധ കാലത്തെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ക്യാമ്പ് ഈ സ്ഥലത്തായിരുന്നു.
അമേരിക്കയിലിപ്പോള്‍ ചൂടുകാലമാണ്. ശനിയാഴ്ച 100 ഡിഗ്രി ഫാരൻഹീറ്റാണ് വാഷിംഗ്ടൺ ഡിസിയിൽ രേഖപ്പെടുത്തിയ താപനില , ഈ ചൂടില്‍ പ്രതിമ സാവധാനം ഉരുകിയൊലിക്കുകയായിരുന്നു. എന്തായാലും സംഭവം യു.എസിലെ സോഷ്യൽ മീഡിയ ഹാന്‍ഡിലുകളില്‍ വൈറലാണ്.