Kerala
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായ പ്രതി ഉത്തര്‍ പ്രദേശില്‍ പിടിയില്‍
ഫരീദാബാദിലെ ബദര്‍പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ചേരിയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്

തിരുവല്ല | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ഒന്നര വര്‍ഷക്കാലത്തോളം പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ആറ് മാസങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയികൂടി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയില്‍ കഴുനാടിയില്‍ താഴേ വീട്ടില്‍ കാളിദാസ് എസ് കുമാര്‍ (23) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ സ്വകാര്യ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കാളിദാസന് എതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതി ട്രെയിന്‍ മാര്‍ഗം ഉത്തര്‍പ്രദേശില്‍ എത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് – ഹരിയാന അതിര്‍ത്തി പ്രദേശമായ ഫരീദാബാദിലെ ബദര്‍പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ചേരിയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പ്രത്യേക പോലീസ് സംഘം പ്രതിയെ പിടികൂടിയത്. സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചുവന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് സി ഐ പറഞ്ഞു.