Connect with us

Kerala

ഹിയറിംഗിന് ഹാജരായില്ല: സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റാരോപണ മെമ്മോ

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്ത സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നല്‍കി. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മെമ്മോ നല്‍കിയിത്.

കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട് ഇന്നലെ ഹിയറിംഗിന് ഹാജരാകണമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിരമിക്കല്‍ ദിവസത്തെ തിരക്ക് കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് കാട്ടി സിസ ഇ മെയില്‍ സന്ദേശം അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റാരോപണ മെമ്മോ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയതെങ്കിലും സിസ തോമസിന് സസ്‌പെന്‍ഷന്‍ നല്‍കിയിട്ടില്ല.

മുന്‍കൂര്‍ അനുമതിയില്ലാതെ വി സിയുടെ ചുമതല ഏറ്റെടുത്തതില്‍ ഇന്ന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു കഴിഞ്ഞദിവസം നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ഹരജി അംഗീകരിക്കാതെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഒപ്പം നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും സിസ തോമസിന്റെ ഭാഗം കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിസ തോമസിന് വിരമിക്കല്‍ ദിവസം ഹിയറിംഗിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നത്.

സിസക്കെതിരായ നടപടികള്‍ സര്‍ക്കാരിന് തുടരാമെന്നും എന്നാല്‍ സിസയുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നുമാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വി സിയുടെ താത്കാലിക ചുമതല ഏറ്റെടുത്തുവെന്ന് കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചുമതലയേറ്റതെന്നും ഇതിനു ശേഷം വിവരം അറിയിച്ചിരുന്നുവെന്നുമായിരുന്നു സിസ മറുപടി നല്‍കിയിരുന്നത്.