Ramzan
പാപമുക്തി
പാപമോചനം തേടുക എന്നത് സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ടാണ് വിശുദ്ധ ഖുര്‍ആൻ എണ്ണിയത്. അത് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.
പാപമുക്തിയും കാരുണ്യവും പരസ്പരം കെട്ടുപിണഞ്ഞു നിൽക്കുന്ന കാര്യങ്ങളാണ്. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനം പരിചയപ്പെടുത്തുന്ന ഇടങ്ങളിലെല്ലാം കാരുണ്യത്തെയും കൂടി കൂട്ടിവെക്കുന്നതു കാണാം. വിശുദ്ധ റമസാനിലൂടെ വിശ്വാസികൾക്ക് സ്വായത്തമാകുന്ന സുപ്രധാന നേട്ടം പാപമുക്തി പ്രാപിക്കലാണെന്ന് തിരുവചനങ്ങളിലുണ്ട്.
അതുകൊണ്ടാണ് കാരുണ്യത്തിന്റെ പത്ത് ദിനരാത്രങ്ങളോട് പാപമോചനത്തിന്റെ പത്ത് പകലിരവുകളെ ചേർത്തുവെച്ചത്. സ്രഷ്ടാവിന്റെ കാരുണ്യമുണ്ടായാലേ പാപമോചനം സാധ്യമാകൂ എന്നർഥം. റമസാൻ ആഗതമായിട്ടും പാപമുക്തി പ്രാപിക്കാത്തവൻ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അത്യന്തം അകലെയാകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർഥിച്ചപ്പോൾ തിരുനബി(സ) ആമീൻ പറഞ്ഞതും ഈ ആശയത്തിലാണ്.
പാപമോചനം തേടുക എന്നത് സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ടാണ് വിശുദ്ധ ഖുര്‍ആൻ എണ്ണിയത്. (ആലു ഇംറാൻ :15-18) അത് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും. ആകയാൽ പാപമോചനം നടത്താൻ അല്ലാഹു വിശ്വാസികളെ നിരന്തരം ഉൽബോധിപ്പിക്കുന്നുണ്ട്. പാപമോചനം നടത്തുന്നത് കുറ്റങ്ങൾ പൊറുക്കുന്നതിനു വേണ്ടി മാത്രമല്ല, അതിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഹൃദയ ശുദ്ധീകരണം, ശത്രുക്കൾക്കെതിരെ വിജയം, നരകമോചനം, സ്വർഗപ്രാപ്തി, സമൃദ്ധമായ മഴ, ഉപജീവന മാർഗങ്ങൾ, സാമ്പത്തിക അഭിവൃദ്ധി, മനഃശാന്തി നേടൽ തുടങ്ങിയവയെല്ലാം അതിൽ പ്രധാനമാണ്.
എല്ലാ സത്കര്‍മങ്ങള്‍ക്കൊടുവിലും പാപമോചനം തേടുകയെന്നത് പ്രവാചക ചര്യയാണ്.
അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ശേഷം പാപമോചനം തേടിക്കൊണ്ടായിരുന്നു അവിടുന്ന് ഖുര്‍ആന്‍ പാരായണവും നിസ്‌കാരവും അവസാനിപ്പിച്ചിരുന്നത്. നിസ്കാര ശേഷം അവിടുന്ന് മൂന്ന് തവണ ഇങ്ങനെ പറയുമായിരുന്നു: “അല്ലാഹുവേ! ഞാൻ നിന്നോട് പാപമോചനം തേടുന്നു.’ (മുസ്്ലിം) ഹജ്ജിലെ കര്‍മങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: “പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെ നിന്നാണോ, അവിടെനിന്നുതന്നെ നിങ്ങളും മടങ്ങുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുവിന്‍.’ (അല്‍ബഖറ: 199) യഥാർഥ വിശ്വാസിയെ വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് അവർ രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നവരാണെന്നാണ്. (ആലുഇംറാന്‍: 17, അദ്ദാരിയാത്ത്: 18) സദസ്സിൽ നിന്നും പിരിയുമ്പോൾ തിരുനബി(സ) പാപമോചനം തേടുമായിരുന്നു.
അബൂബര്‍സതുല്‍ അസ്‌ലമി(റ) പറയുന്നു: “ഒരു സദസ്സില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഉദ്ദേശിച്ചാല്‍ നബി(സ) ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അന്‍ ലാഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക’ എന്ന് ചൊല്ലാറുണ്ടായിരുന്നു.” ( അബൂദാവൂദ്) അങ്ങനെ ചൊല്ലുന്നവർക്ക് ആ സദസ്സില്‍ സംഭവിച്ച വീഴ്ചകള്‍ പൊറുക്കപ്പെടുമെന്ന് മറ്റൊരു ഹദീസിലുണ്ട്.
നിസ്കാരത്തിലെ രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തത്തിലും ഒടുവിലെ അത്തഹിയാത്തിലും പാപമോചന തേട്ടം നടത്തൽ പ്രത്യേകം സുന്നത്തുണ്ട്. ടോയ്്ലറ്റില്‍ നിന്ന് പുറത്ത് വരുമ്പോള്‍ “അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു’ എന്നു പറയണം (അബൂദാവൂദ്). പാപ സുരക്ഷിതരായ പ്രവാചകന്മാരെല്ലാം പാപമോചന പ്രാർഥന നിരന്തരം നടത്തിയിരുന്നു. ഇബ്നു ഉമർ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യർഥിക്കുകയും ചെയ്യുക. കാരണം , ഞാന്‍ ദിവസവും നൂറ് പ്രാവശ്യം അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാറുണ്ട്.” (മുസ്്ലിം) സന്തോഷ വേളയിലും വിജയശ്രീലാളിതരാവുമ്പോഴും പാപമോചന പ്രാർഥന നടത്തൽ പുണ്യമുണ്ട്. ഖുർആൻ പറയുന്നു: “അല്ലാഹുവിന്റെ സഹായവും വിജയവും ലഭിച്ചാല്‍, ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് കാണുകയും ചെയ്താല്‍ നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (സൂറതുന്നസ്വർ : 1-3)
പാപമോചനം നടത്തൽ പടച്ചവന് പെരുത്ത് ഇഷ്ടമുള്ള കാര്യമാണ്. യാത്രക്കിടയിൽ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നഷ്ടപ്പെടുകയും അത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്ത ഹതാശനായ യാത്രികനു ഒട്ടകം തിരിച്ച് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാൾ കേമമായ സന്തോഷം എന്നാണ് അടിമ പശ്ചാത്തപിക്കുന്ന സമയത്ത് അല്ലാഹുവിനുണ്ടാകുന്ന സന്തോഷത്തെ തിരുനബി(സ) വിശേഷിപ്പിച്ചത് (മുസ്്ലിം). തെറ്റുകൾ രോഗം പോലെയാണ്. പശ്ചാത്താപം മരുന്നും. പാപങ്ങൾ കഴുത്തിൽ കുടുങ്ങിയ ചങ്ങല പോലെയാണെന്നാണ് മഹാനായ ഇബ്നുൽ ജൗസി(റ) പറഞ്ഞത്. പാപമോചനവും പശ്ചാത്താപവും കൊണ്ടല്ലാതെ അത് അഴിക്കുക സാധ്യമല്ല. (അത്തദ്കിറ)
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിലെ പാപമോചനത്തിന്റെ പകലിരവുകളിലാണ് വിശ്വാസികളുള്ളത്. പാപമുക്തി പ്രാപിക്കാൻ വേഗത കാണിക്കണമെന്ന് അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്.’ (ആലു ഇംറാൻ : 133)