Connect with us

Vazhivilakk

വ്യർഥതകളെ വർജിക്കുക

വ്യർഥമായത് കേട്ടാല്‍ അവര്‍ (വിശ്വാസികൾ) അതില്‍നിന്നും തിരിഞ്ഞുപോവുകയും ഇങ്ങനെ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഞങ്ങളുടെ കർമങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കർമങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല.' (അൽ ഖസ്വസ്വ്: 55)

Published

|

Last Updated

ഏതൊരു കാര്യം ചെയ്യാനുദ്ദേശിക്കുമ്പോഴും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് ഉദ്ദേശിച്ച റിസൽട്ട് ലഭിക്കുക. അറിവിനേക്കാൾ പ്രധാനം തിരിച്ചറിവാണ്. തിരിച്ചറിവ് നല്‍കാത്ത വിദ്യ അജ്ഞതപോലെ അര്‍ഥശൂന്യമാണ്. തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങൾക്ക് ആത്മസംതൃപ്തിയും തനിമയും പൂർണതയും ലഭിക്കുകയും ചെയ്യും. ആവശ്യമുള്ള ഇടങ്ങളിൽ ഇടപെടുന്നവരാണ് വിവേകികൾ. ആവശ്യങ്ങളെ തിരിച്ചറിയാനും അനാവശ്യങ്ങളെ ഒഴിവാക്കാനും അവർക്ക് സാധിക്കും.

ആവശ്യമില്ലാത്തവ ഒഴിവാക്കുകയെന്നത് നല്ല ശീലമാണ്. അത് സത്യവിശ്വാസിയുടെ സ്വഭാവവുമാണ്. അതിന് നല്ല പരിശീലനം വേണം. ഏതൊരാളും തനിക്കാവശ്യമില്ലാത്തത് ഒഴിവാക്കണമെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. മനുഷ്യ ജീവിതത്തിന്റെ ജയപരാജയങ്ങളുടെ അടിസ്ഥാനം വ്യക്തമാക്കുന്ന ധാരാളം തിരുവചനങ്ങളിൽ ഇക്കാര്യമുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: “ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നത് ഒരാളുടെ ഇസ്‌ലാമിക ജീവിതത്തിന്റെ നന്മകളില്‍ പെട്ടതാണ്.” (അഹ്്മദ്)

വിശ്വാസികളുടെ ലക്ഷണങ്ങൾ വിശുദ്ധ ഖുർആൻ ധാരാളം ഇടങ്ങളിൽ വിശദമായി വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “വ്യർഥമായത് കേട്ടാല്‍ അവര്‍ (വിശ്വാസികൾ) അതില്‍നിന്നും തിരിഞ്ഞുപോവുകയും ഇങ്ങനെ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഞങ്ങളുടെ കർമങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കർമങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല.’ (അൽ ഖസ്വസ്വ്: 55) വിശ്വാസികളുടെ ലക്ഷണങ്ങൾ വിശദീകരിക്കുന്ന സൂറതുൽ മുഅ്മിനൂൻ എന്ന സൂക്തത്തിൽ കാണാം. “അവർ (വിശ്വാസികൾ) തങ്ങളുടെ നിസ്കാരത്തില്‍ ഭക്തി കാണിക്കുന്നവരാണ്. വ്യർഥമായ കാര്യങ്ങളില്‍ നിന്നു തിരിഞ്ഞു കളയുന്നവരും. അക്കൂട്ടര്‍ തന്നെയാണ് അനന്തരാവകാശികള്‍.

അതായത് “ഫിര്‍ദൗസി’നെ (ഉന്നത സ്വർഗത്തെ) അനന്തരാവകാശമെടുക്കുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും’. കുത്തുവാക്കുകൾ പ്രയോഗിക്കുന്നതും മറ്റുള്ളവരുടെ ന്യൂനതകൾ എടുത്തുപറയുന്നതിൽ വ്യാപൃതരാകുന്നതും ചിലരുടെ ഹോബിയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. ആവശ്യമില്ലാത്ത സംസാരങ്ങളിൽ നിന്നും നാക്കിനെ തടയാൻ വായിൽ ചരൽകല്ലുകൾ കടിച്ചുപിടിക്കൽ ശീലമാക്കിയ മഹാനായ അബൂബക്ർ സിദ്ദീഖ്(റ) വിശ്വാസികൾക്ക് മാതൃകയാകേണ്ടതുണ്ട്.

ആത്മജ്ഞാനികൾക്ക് വ്യർഥതകളെ തരണം ചെയ്യാൻ സാധിക്കും. നിരർഥക സംസാരവും പ്രവർത്തനവും അവർക്ക് അരോചകമായിരിക്കും. അത്തരം കാര്യങ്ങളിൽ നിന്നും മാന്യമായി മാറി നിൽക്കാൻ അവർ സദാ ശ്രമിക്കും. അല്ലാഹു പറയുന്നു: “(അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയില്ല, വ്യർഥമായ കാര്യത്തിനരികിലൂടെ പോകേണ്ടി വന്നാൽ മാന്യന്മാരായ നിലയില്‍ പോകുകയും ചെയ്യും.’ (അൽ ഫുർഖാൻ: 72) അനാവശ്യങ്ങളിൽ നിന്നും മാറിനിന്ന് സൂക്ഷ്മ ജീവിതം നയിക്കുന്നവർക്ക് സ്വർഗീയ ഉദ്യാനത്തിൽ ഉന്നത പദവിയിൽ വിരാചിക്കാൻ കഴിയും. അല്ലാഹു പറയുന്നു: “സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്നവര്‍ക്ക് അവിടെ (പരലോകത്ത്) ഉന്നത വിജയമുണ്ട്. ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളുമുണ്ട്. യുവത്വം തികഞ്ഞ സമപ്രായക്കാരായ ഇണകളുണ്ട്. നിറഞ്ഞ ചഷകങ്ങളുണ്ട്. അവിടെ അനാവശ്യങ്ങളും വ്യാജവാര്‍ത്തകളും അവര്‍ കേള്‍ക്കുന്നതല്ല.’ (അന്നബഅ്: 31-36)

Latest