Uae
വയനാട്: കേരള സോഷ്യൽ സെന്റർ ധനസഹായം നൽകും
നാട്ടിലുള്ള സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയും ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. അൻസാരിയും പ്രസ്തുത തുക ഉടനെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുന്നതായിരിക്കും.
അബുദാബി |വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല,പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആദ്യഗഡുവെന്ന നിലയില്‍ പത്ത് ലക്ഷം രൂപ സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.നാട്ടിലുള്ള സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. അന്‍സാരിയും പ്രസ്തുത തുക ഉടനെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുന്നതായിരിക്കും. കേരള സോഷ്യല്‍ സെന്റര്‍ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനമെടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളസര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു. സെന്റര്‍ മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ആഗസ്റ്റ് 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിപുലമായൊരു യോഗം സെന്റര്‍ അങ്കണത്തില്‍ വിളിച്ചു ചേര്‍ക്കുവാനും യോഗം തീരുമാനിച്ചു. സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ആര്‍. ശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു.