Uae
അബൂദബി വിമാനത്താവളങ്ങൾ മൂന്ന് കോടിയോളം യാത്രക്കാരെ സ്വീകരിച്ചു
കാർഗോ ഗതാഗതത്തിലും ഗണ്യമായ വളർച്ച കൈവരിച്ചു.
അബൂദബി| എമിറേറ്റിലെ അഞ്ച് വാണിജ്യ വിമാനത്താവളങ്ങളുടെ ഓപ്പറേറ്ററായ അബൂദബി എയർപോർട്ട്‌സ് 2024 ലെ പ്രവർത്തന ഫലം പ്രഖ്യാപിച്ചു. പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമെന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണ് ഗണ്യമായ ഈ വളർച്ച. വിമാനത്താവളങ്ങളിലൂടെ 29.4 ദശലക്ഷം യാത്രക്കാർ കടന്നുപോയി. 2023 ലെ 22.9 ദശലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 28.1 ശതമാനം വർധനവാണിത്. നെറ്റ്്വർക്ക് വിപുലീകരണം, പങ്കാളിത്തങ്ങൾ തുടങ്ങിയവയാണ് മികവിന് ഹേതുവായത്.
കഴിഞ്ഞ വർഷം 29 പുതിയ റൂട്ടുകൾ ആരംഭിച്ചു. 125 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സായിദ് ഇന്റർനാഷണൽ എയർപോർട്ട് ഇപ്പോൾ സേവനം നടത്തുന്നുണ്ട്.
അഞ്ച് വിമാനത്താവളങ്ങളിലും വിമാന നീക്കങ്ങളിൽ 10 ശതമാനം വർധനവുണ്ടായി. യു കെ, ഇന്ത്യ, ഖത്വർ, ഈജിപ്ത് തുടങ്ങിയ പ്രധാന വിപണികളിൽ നിന്നുള്ള ഗണ്യമായ ഡിമാൻഡ് ഇത് എടുത്തുകാണിക്കുന്നുവെന്ന് അബൂദബി വിമാനത്താവള മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു. കാർഗോ ഗതാഗതത്തിലും ഗണ്യമായ വളർച്ച കൈവരിച്ചു. 2024ൽ 678,990 ടൺ കൈകാര്യം ചെയ്തു. 2023ൽ ഇത് 560,434 ടണ്ണായിരുന്നു. 21 ശതമാനം വർധനവാണിത്.
തുടർച്ചയായ നവീകരണ പ്രവർത്തനവും എയർപോർട്ടുകൾ സ്വീകരിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലും ഏഷ്യയിലും ഇത്തരത്തിലുള്ള ഒരേയൊരു സൗകര്യമായ യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യു എസ് സി ബി പി) സൗകര്യം ഇതിലൊന്നാണ്. ചെക്ക്-ഇൻ ഡെസ്‌കുകൾ, സെൽഫ്-സർവീസ് ബാഗേജ് ഡ്രോപ്പ്, ഇ-ഗേറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് ടച്ച്പോയിന്റുകൾ അവതരിപ്പിച്ചത് യാത്ര കൂടുതൽ കാര്യക്ഷമമാക്കുകയും വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്തു. പുതിയ സെൻസറി സ്പേസ് തുറന്നു. ഹിഡൻ ഡിസെബിലിറ്റീസ് സൺഫ്ലവർ പ്രോഗ്രാം, പെറ്റ് റിലീഫ് ഏരിയ എന്നിവയും തുടങ്ങി.