Uae
പൗരന്മാർക്ക് ഭവന പാക്കേജ് പ്രഖ്യാപിച്ച് അബൂദബി; 4,356 പൗരന്മാർക്ക് പ്രയോജനം ലഭിക്കും
ഇതോടെ അബൂദബിയിൽ പൗരന്മാർക്ക് നൽകിയ മൊത്തം ഭവന ആനുകൂല്യങ്ങൾ 123,000-ത്തിലധികമായി.

അബൂദബി | അബൂദബിയിൽ പൗരന്മാർക്ക് 6.75 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യ പാക്കേജിന് അംഗീകാരം.കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ എന്നിവരുടെ നിർദേശപ്രകാരമാണ് അംഗീകാരം.
അബൂദബിയിലുടനീളമുള്ള 4,356 ഇമാറാത്തി പൗരന്മാർക്ക് ഈ പാക്കേജിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 3,172 പൗരന്മാർക്ക് 5.08 ബില്യൺ ദിർഹത്തിന്റെ ഭവന വായ്പകൾ, 1,100 പൗരന്മാർക്ക് 1.585 ബില്യൺ ദിർഹത്തിന്റെ ഭൂമി ഗ്രാന്റുകൾ, റെഡി-ബിൽറ്റ് വീടുകൾ എന്നിവയും 84 മുതിർന്ന പൗരന്മാർ, പരിമിത വരുമാനമുള്ള വിരമിച്ചവർ, മരിച്ച പൗരന്മാരുടെ ഗുണഭോക്താക്കൾ എന്നിവർക്ക് 94.8 ദശലക്ഷത്തിലധികം വരുന്ന ഭവന വായ്പ തിരിച്ചടവുകളിൽ നിന്നുള്ള ഇളവുകളും ഉൾപ്പെടുന്നു.
ഈദ് അൽ ഫിത്വറിന് മുന്നോടിയായാണ് പ്രഖ്യാപനം. ഇതോടെ അബൂദബിയിൽ പൗരന്മാർക്ക് നൽകിയ മൊത്തം ഭവന ആനുകൂല്യങ്ങൾ 123,000-ത്തിലധികമായി.