Uae
അബൂദബി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നു; രജിസ്റ്റര്‍ ചെയ്ത ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം 35 ശതമാനം വര്‍ധിച്ചു
കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എളുപ്പത്തിന് പുറമെ കുടുംബങ്ങളില്‍ നിന്നും സമ്പന്നരില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വഴക്കമുള്ള ഘടനയും പ്രത്യേകതയാണ്.
അബൂദബി | മേഖലയിലെ സുസ്ഥിര സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യസ്ഥാനവും കേന്ദ്രവുമായി അബൂദബി. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ എം/എച്ച് ക്യു റിപോര്‍ട്ട് അനുസരിച്ച് അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്ത ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം 2024ന്റെ തുടക്കം മുതല്‍ 35 ശതമാനം വര്‍ധിച്ചു.
ആഗോള നിക്ഷേപകര്‍ക്കിടയില്‍ മികച്ച ആകര്‍ഷണീയ കേന്ദ്രമായ അബൂദബി ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നായ അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ആസ്ഥാനം കൂടിയാണ്.
അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ ആകര്‍ഷിക്കുന്ന ശക്തമായ സാമ്പത്തിക കേന്ദ്രമായി മാറിയിട്ടുണ്ട്. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എളുപ്പത്തിന് പുറമെ കുടുംബങ്ങളില്‍ നിന്നും സമ്പന്നരില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വഴക്കമുള്ള ഘടനയും ഇതിന്റെ പ്രത്യേകതയാണ്.
അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിനുള്ളില്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അതിന്റെ മേല്‍നോട്ടത്തിലുള്ള അല്‍ മരിയ ദ്വീപിലെ ഒക്യുപ്പന്‍സി നിരക്ക് 95 ശതമാനം കവിഞ്ഞു. അതിനാല്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിന് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.
അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, ബ്ലാക്ക്‌സ്റ്റോണ്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് എന്നിങ്ങനെയുള്ള ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 1,950 കമ്പനികള്‍ അബൂദബിയിലേക്ക് മാറിയതില്‍ പെടും. 65 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഹെഡ്ജ് ഫണ്ട് ഇവിടെ ഓഫീസ് തുറക്കാന്‍ പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.
മണ്‍റോ കാപിറ്റല്‍, കപോള ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് തുടങ്ങിയവ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി അബൂദബിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ അസറ്റ് കമ്പനിയായ ഹാഷ്ഡ് വെഞ്ച്വേഴ്‌സ്, ദക്ഷിണ കൊറിയയിലെ സിയോള്‍ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ കമ്പനി, ഹബ് 71 പ്ലാറ്റ്‌ഫോമുമായി ഒരു പങ്കാളിത്തം ആരംഭിച്ച് അബൂദബിയില്‍ ഒരു പ്രതിനിധി ഓഫീസ് തുറക്കാനും മൂലധന സമാഹരണത്തിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഇംഗ്ലീഷ് കോമണ്‍ ലോ അടിസ്ഥാനമാക്കിയുള്ള പുരോഗമന നിയന്ത്രണങ്ങളും ശക്തമായ നിയന്ത്രണ ചട്ടക്കൂടും പാരിസ്ഥിതിക കാലാവസ്ഥയും യു എ ഇ തലസ്ഥാനത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.