Uae
40ലധികം വ്യാജ ആരോഗ്യ ഉത്പന്നങ്ങൾക്ക് അബൂദബി വിലക്കേർപ്പെടുത്തി
ചില ഉത്പന്നങ്ങളിൽ യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയ ജൈവ മാലിന്യങ്ങളോ ഹെവി മെറ്റലുകളോ കണ്ടെത്തി.

അബൂദബി|ഈ വർഷം ജനുവരി മുതൽ അബൂദബി ആരോഗ്യ വകുപ്പ് 40-ലധികം ഉത്പന്നങ്ങൾ കലർപ്പുള്ളതും അപകടകരവുമാണെന്ന് കണ്ടെത്തി. മാർച്ച് 27-ന് പുതുക്കിയ പട്ടികയിൽ ബോഡി ബിൽഡിംഗ്, ലൈംഗിക ഉത്തേജകങ്ങൾ, ശരീരഭാരം കുറക്കൽ, സൗന്ദര്യവർധന, മറ്റ് ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾ എന്നിവക്കായി വിപണനം ചെയ്യപ്പെടുന്ന കലർപ്പുള്ളതോ മലിനമായതോ ആയ സപ്ലിമെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്നവയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
ചില ഉത്പന്നങ്ങളിൽ യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയ ജൈവ മാലിന്യങ്ങളോ ഹെവി മെറ്റലുകളോ കണ്ടെത്തി. ചിലതിൽ പ്രഖ്യാപിക്കാത്ത ഔഷധ പദാർഥങ്ങൾ കലർന്നിരിക്കുന്നതായി കണ്ടെത്തി. ഡബ്ല്യു എച്ച് ഒ റിപ്പോർട്ടുകൾ പ്രകാരം ഇത്തരം സപ്ലിമെന്റുകളുടെ ദുരുപയോഗം മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വാണിജ്യ തട്ടിപ്പിനെ ചെറുക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമുള്ള യു എ ഇയുടെ ഫെഡറൽ നിയമ പ്രകാരം ലംഘനങ്ങൾക്ക് രണ്ട് വർഷം വരെ തടവും 5,000 മുതൽ 1,000,000 ദിർഹം വരെ പിഴയും ലഭിക്കാം. ഗുരുതരമായ കുറ്റങ്ങൾക്ക് 100,000 മുതൽ 2,000,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷയും സ്ഥാപനം ഒരു വർഷം വരെ അടച്ചിടലും ലഭിക്കും.