Connect with us

Ongoing News

അബുദബി ആസ്ഥാനമായി പുതിയ മെഡിക്കൽ സ്‌കൂൾ

യു എ ഇയിലെ ഭാവി മെഡിക്കൽ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ കാനഡയിലെ കാൽഗരി യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളും വി പി എസ് ഹെൽത്ത്കെയറും കൈകോർത്തു

Published

|

Last Updated

അബുദബി | അന്താരാഷ്‌ട്ര നിലവാരത്തിൽ പരിശീലനം ലഭിച്ച ഡോക്ടർമാരെ യു എ ഇയിൽ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കാനഡയിലെ പ്രശസ്തമായ കാൽഗരി സർവകലാശാലയിലെ കമ്മിംഗ് സ്‌കൂൾ ഓഫ് മെഡിസിനും പ്രമുഖ ആരോഗ്യസേവനദാതാവായ വി പി എസ് ഹെൽത്ത്‌കെയറും  കൈകോർത്തു. ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കും സാങ്കേതികവിദ്യാ വികാസത്തിനും അനുസൃതമായി  വൈദഗ്ധ്യമുള്ള  ഡോക്ടർമാരെ സൃഷ്ടിക്കുന്നതിനാണ് പ്രധാന സ്ഥാപനങ്ങളുടെ പങ്കാളിത്തം. ഇതിന്റെ ഭാഗമായി വ്യതിരിക്തവും നൂതനവുമായ മെഡിക്കൽ വിദ്യാഭ്യാസ- ഗവേഷണ പരിപാടികൾ രൂപകൽപ്പന ചെയ്ത്  നടപ്പാക്കും.

യു എ ഇയിൽ മികച്ച ഹെൽത്ത്കെയർ പ്രൊഫഷണലുകൾക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകാനായി അബുദബി  ആസ്ഥാനമായി മെഡിക്കൽ സ്‌കൂൾ സ്ഥാപിക്കുകയെന്നതാണ് ആദ്യ പദ്ധതി. പുതിയ സ്കൂൾ ഓഫ് മെഡിസിൻ അബുദബിക്ക്  മാത്രമല്ല, യു എ ഇയ്ക്കാകെ സാമ്പത്തിക സാമൂഹിക നേട്ടങ്ങൾ സൃഷ്ടിക്കുമെന്ന് വി പി എസ് ഹെൽത്ത്കെയർ ഫൗണ്ടറും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസവും പഠനാന്തരീക്ഷവും ലഭ്യമാക്കാനാണ് ശ്രമം. പരിശീലനം ലഭിച്ചവർ യു എ ഇയിലെ ആരോഗ്യ മേഖലയുടെ ശേഷിയുയർത്തികൊണ്ട് ഇവിടെത്തന്നെ സേവനനിരതരാകും. യു എ ഇയിലെ പൗരന്മാർക്ക് ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ സ്‌കൂളിൽ മൂന്നു വർഷത്തെ  എം ഡി കോഴ്സും ലഭ്യമാക്കും. കാനഡയ്ക്കും യു എസിനും പുറത്ത് ആദ്യമായാണ് കാൽഗരി സർവകലാശാല ഈ കോഴ്സ് ലഭ്യമാക്കാനൊരുങ്ങുന്നത്.  ബിരുദ പഠനം പൂർത്തിയാക്കുന്നവർക്ക് വി പി എസ്  ഹെൽത്ത്‌കെയറിനു കീഴിലുള്ള  24  ആശുപത്രികളിലൊന്നിൽ റസിഡൻസി സ്ലോട്ടിലേക്ക് പ്രവേശനം നൽകും. മേഖലയിലെ  ഡോക്ടർമാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

വി പി എസ് ഹെൽത്ത്കെയറിന്റെ ബുർജീൽ മെഡിക്കൽ സിറ്റിയാണ് പ്രധാന അധ്യയനകേന്ദ്രമായി പ്രവർത്തിക്കുക. മെഡിക്കൽ സ്കൂളും പഠനകേന്ദ്രമായ ആശുപത്രിയും ഒരേ സ്ഥലത്തുള്ളത് പഠന സഹകരണവും വിവര കൈമാറ്റവും ത്വരിതപ്പെടുത്തും.

“മേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ സുപ്രധാന സ്വാധീനം ചെലുത്തുന്നതിന് കാൽഗറി സർവകലാശാലയ്ക്കും വി പി എസ് ഹെൽത്ത്‌കെയറിനും കൂട്ടായി പ്രവർത്തിക്കാനുള്ള  മികച്ച അവസരമാണിതെന്ന് കാൽഗറി സർവകലാശാലയിലെ പ്രൊവോസ്റ്റും വൈസ് പ്രസിഡന്റുമായ (അക്കാദമിക്) ഡോ. ടെറി ബാൽസർ പറഞ്ഞു.

സ്‌കൂൾ ഓഫ് മെഡിസിൻ സ്ഥാപക പ്രസിഡന്റ്, ഡീൻ, അധ്യാപകർ എന്നിവരെ കണ്ടെത്താനുള്ള നടപടികൾ  ഉടൻ ആരംഭിക്കും. റിക്രൂട്ട്മെന്റ് പൂർത്തിയാക്കി അംഗീകാരം ലഭിച്ച ശേഷം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മൂന്നു വർഷത്തിനുള്ളിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.
---- facebook comment plugin here -----

Latest