Health
അബൂദബി ക്ലീവ്‌ലാന്‍ഡ് ക്ലിനിക് റോബോട്ട് ഉപയോഗിച്ച് ആദ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി
അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹകരണത്തോടെയാണ് ദാതാവിനെയും സ്വീകര്‍ത്താവിനെയും ഉള്‍പ്പെടുത്തിയുള്ള ശസ്ത്രക്രിയ നടത്തിയത്.
അബൂദബി | അബൂദബി ക്ലീവ്‌ലാന്‍ഡ് ക്ലിനിക് ഹോസ്പിറ്റല്‍ റോബോട്ട് ഉപയോഗിച്ച് ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹകരണത്തോടെയാണ് ദാതാവിനെയും സ്വീകര്‍ത്താവിനെയും ഉള്‍പ്പെടുത്തിയുള്ള ശസ്ത്രക്രിയ നടത്തിയത്.
ഇമാറാത്തി പുരുഷന്മാരും ബന്ധുക്കളുമായ ദാതാവിനെയും സ്വീകര്‍ത്താവിനെയും ഒരുമിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ സംഘം രണ്ട് വ്യത്യസ്ത ഓപറേഷന്‍ റൂമുകളില്‍ ഒരേസമയം വൃക്ക കൈമാറ്റം നടത്തി. ഒരൊറ്റ റോബോട്ട് ഉപയോഗിച്ച് അത് വളരെ കൃത്യതയോടെ നിര്‍വഹിച്ചു.
ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനം ശസ്ത്രക്രിയാ വിദഗ്ധരുടെ കൈ ചലനങ്ങളെ അനുകരിക്കുകയും കൂടുതല്‍ ചലനവും കൃത്യമായ നിയന്ത്രണവും നല്‍കുകയും സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ നേരിട്ട് നടത്തുകയും കൃത്യതയോടെ അവ പൂര്‍ത്തിയാക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെന്ന് അബൂദബി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാശിദ് അല്‍ സുവൈദി പറഞ്ഞു.