Uae
അബൂദബി; ഗാർഹിക തൊഴിലാളികൾക്ക് പത്ത് ദിവസത്തിനകം വേതനം നൽകണം
തൊഴിലുടമയുടെ എമിറേറ്റ്സ് ഐഡിയിലൂടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.

അബൂദബി | ഗാർഹിക തൊഴിലാളികൾക്ക് നിശ്ചിത തിയതി മുതൽ പത്ത് ദിവസത്തിനകം വേതനം നൽകണമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. വീട്ടുജോലിക്കാർക്കുള്ള വേതന സംരക്ഷണ സംവിധാനം മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനമാണ്. യു എ ഇ സെൻട്രൽ ബേങ്ക് അംഗീകരിച്ചതും അംഗീകൃത ബേങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ തൊഴിലുടമകൾക്ക് അവരുടെ വീട്ടുജോലിക്കാരുടെ വേതനം നൽകാൻ ഉപയുക്തമാക്കുന്നതുമാണിത്.
ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ (9) ലെ ആർട്ടിക്കിൾ 15 അനുസരിച്ച് തൊഴിലുടമകൾ നിശ്ചിത തീയതി മുതൽ പത്ത് പ്രവൃത്തി ദിവസങ്ങളിൽ കവിയാത്ത കാലയളവിനുള്ളിൽ യു എ ഇ ദിർഹമിൽ പ്രതിമാസ വേതനം നൽകേണ്ടതുണ്ട്.
തൊഴിലുടമയിൽ നിന്ന് വീട്ടുജോലിക്കാരനു വേതന കൈമാറ്റ പ്രക്രിയ ഇത് സുഗമമാക്കുന്നു. സമയബന്ധിതമായ വേതന വിതരണം ഉറപ്പ് നൽകുന്നു.ഇരു കക്ഷികളും തമ്മിൽ സ്ഥിരതയുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നു.തൊഴിലുടമയുടെ എമിറേറ്റ്സ് ഐഡിയിലൂടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.
വീട്ടുജോലിക്കാരന്റെ എമിറേറ്റ്സ് ഐഡി പകർപ്പ് സമർപിക്കണം.മന്ത്രിതല പ്രമേയം നമ്പർ (675), എക്‌സിക്യൂട്ടീവ് റെഗുലേഷൻ നമ്പർ (106) എന്നിവ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തും. ഇവ രണ്ടും ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022 ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ (9) മായി ബന്ധപ്പെട്ടതാണ്.
സ്വകാര്യ പരിശീലകൻ, സ്വകാര്യ അധ്യാപകർ, ഹോം കെയർഗിവർ, സ്വകാര്യ പ്രതിനിധി, സ്വകാര്യ കാർഷിക എൻജിനീയർ, വീട്ടുജോലിക്കാർ, നാവികൻ, പാചകക്കാർ, കാവൽക്കാർ, സ്വകാര്യ ഡ്രൈവർ, ഷെപ്പേർഡ്,സ്റ്റേബിൾമാൻ, ഒട്ടക പരിപാലകൻ, കർഷകർ, തോട്ടക്കാർ എന്നിവരൊക്കെ ഗാർഹിക ജീവനക്കാരിൽ ഉൾപെടും.