global health care week
അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്ക് നാളെ മുതല്‍
ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും

അബൂദബി | അബുദബി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അബുദബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്ക് മെയ് 13 മുതല്‍ 15 വരെ അബൂദബി പ്രദര്‍ശന നഗരിയില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ആഗോള സമ്മേളനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി ത്വരിതപ്പെടുത്തുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും.
അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്ക് ആരോഗ്യം, ജീവശാസ്ത്രം എന്നിവയുടെ ഭാവി മുന്നോട്ട് കൊണ്ടുപോകുകയും നാളത്തെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ആരോഗ്യകരമായ ഒരു ലോകത്തിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമ്മേളനത്തില്‍ 5,000 പേര് പങ്കെടുക്കും. 1,000 പ്രതിനിധികള്‍, 200 പ്രഭാഷകര്‍ എന്നിവര്‍ സമ്മേളനത്തിനെത്തും.
ലോകത്തോടൊപ്പവും ലോകത്തിനുവേണ്ടിയും നടക്കുന്ന അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്ക് , ആഗോള ആരോഗ്യ സംരക്ഷണ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും പരസ്പരം കൈമാറ്റ സഹകരണത്തിലൂടെ നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തന തന്ത്രങ്ങള്‍ വളര്‍ത്തുന്നതിനും സുഗമമാക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകള്‍ മാനുഷിക ആശ്വാസത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യു എ ഇ ഭരണ കൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ മുന്‍കൂട്ടി നേരിടാനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ നാളേക്ക് വേണ്ടി ആഗോള സഹകരണത്തിന് നേതൃത്വം നല്‍കാനും തങ്ങള്‍ ശ്രമിക്കുന്നതായി അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു.