Connect with us

Uae

ആരോഗ്യകരമായ ഭക്ഷണ ലേബലിംഗ് നടപ്പാക്കി അബൂദബി

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണ പാക്കറ്റുകളില്‍ സെഹ്ഹി (SEHHI) എന്ന ലേബല്‍ പതിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

അബൂദബി | ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ലേബലിംഗ് നടപ്പാക്കി അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണ പാക്കറ്റുകളില്‍ സെഹ്ഹി (SEHHI) എന്ന ലേബല്‍ പതിപ്പിച്ചിരിക്കുന്നത്. അബൂദബി എമിറേറ്റിലുടനീളമുള്ള നൂറുകണക്കിന് റെസ്റ്റോറന്റുകളും ഭക്ഷണശാലകളും സ്‌കൂളുകളും ആശുപത്രികളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇതിന്റെ പരിധിയില്‍ വരും.

രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച ഈ സംരംഭം കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ ആരോഗ്യ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് എ ഡി പി എച്ച് സിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഉംനിയത്ത് അല്‍ ഹാജിരി പറഞ്ഞു. മുമ്പ് വിഖായ എന്നറിയപ്പെട്ടിരുന്നതാണ് ഈ പ്രോഗ്രാം. നീല നിറത്തിലുള്ള ലോഗോയിലൂടെ പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ചേരുവകളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

ഒരു ഡസനോളം സ്ഥാപനങ്ങളില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇപ്പോള്‍ 300ലധികം റെസ്റ്റോറന്റുകളും ഭക്ഷണ ശാലകളും, അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും എല്ലാ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ആശുപത്രികളും തിരഞ്ഞെടുത്ത ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടുന്നുണ്ട്. പ്രോഗ്രാമിന്റെ ഭാഗമായി, ഭക്ഷണശാലകളിലെ മെനുകളില്‍ കലോറി പ്രദര്‍ശിപ്പിക്കുന്നു. സ്‌കൂളുകളിലും ആശുപത്രികളിലും സ്ഥാപിച്ച സെഹ്ഹി വെന്‍ഡിംഗ് മെഷീനുകളാണ് മറ്റൊന്ന്. ഇത് സ്‌കൂളുകളിലും ആശുപത്രികളിലും നിര്‍ബന്ധമാണ്. മറ്റ് സ്ഥാപനങ്ങള്‍ക്ക് ഓപ്ഷനല്‍ ആണ്. ഡോ. ഉംനിയത്ത് പറഞ്ഞു.

സെഹ്ഹി ലേബലുകളും സൈന്‍ ബോര്‍ഡുകളും ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമാണ് ഉള്ളത്. പൊണ്ണത്തടിയെയും വിട്ടുമാറാത്ത രോഗങ്ങളെയും ചെറുക്കുന്നതിനുള്ള ഒരു നീക്കമാണിത്. കഴിയുന്നത്ര ആരോഗ്യകരമായ ശീലങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അവര്‍ പറഞ്ഞു.

 

Latest