Uae
നാല്‍പതിന്റെ നിറവില്‍ അബുദബി അന്താരാഷ്ട്ര വിമാനത്താവളം
ഇന്നും പ്രവര്‍ത്തിക്കുന്ന അല്‍ ബത്തീന്‍ വിമാനത്താവളത്തിന് പകരമായി 1979 ല്‍ നിര്‍മ്മാണം ആരംഭിച്ച അബുദബി അന്താരാഷ്ട്ര വിമാനത്താവളം 1982 ജനുവരി 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
അബുദബി | സേവന പാതയില്‍ നാല്‍പതിന്റെ നിറവില്‍ അബുദബി അന്താരഷ്ട്ര വിമാനത്താവളം. സ്വകാര്യ, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി ഇന്നും പ്രവര്‍ത്തിക്കുന്ന അല്‍ ബത്തീന്‍ വിമാനത്താവളത്തിന് പകരമായി 1979 ല്‍ നിര്‍മ്മാണം ആരംഭിച്ച അബുദബി അന്താരാഷ്ട്ര വിമാനത്താവളം 1982 ജനുവരി 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അന്തരിച്ച ഫ്രഞ്ച് വാസ്തുശില്പി പോള്‍ ആന്‍ഡ്രൂ ആണ് അബുദബി അന്താരാഷ്ട്ര വിമാനത്താവളം രൂപകല്‍പ്പന ചെയ്തത്. ഈന്തപ്പനയോട് സാമ്യമുള്ള വൃത്താകൃതിയിലുള്ള ടെര്‍മിനല്‍ 1 യഥാര്‍ത്ഥത്തില്‍ ഒരു പ്രധാന സാറ്റലൈറ്റ് ടെര്‍മിനലാണ്. അതിന് ചുറ്റും വിമാനങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനും പോകാനും കഴിയും. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ടെര്‍മിനല്‍ വിപുലീകരിച്ചു
.2003-ല്‍ ഇത്തിഹാദ് ദേശീയ വിമാനക്കമ്പനിയായും ആഭ്യന്തര എയര്‍ലൈനായും മാറി, ഇത് ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഉത്തേജകമാവുകയും 2005 സെപ്റ്റംബറില്‍ ടെര്‍മിനല്‍ രണ്ടും, 2008 ല്‍ രണ്ടാമത്തെ റണ്‍വേയും, 2009 ജനുവരിയില്‍ ടെര്‍മിനല്‍ മൂന്ന് എന്നിവ തുറക്കുന്നതിനും വഴിയൊരുക്കി. അമ്പത് വര്‍ഷം പിന്നിടുന്ന യു എ ഇ യുടെ ചരിത്രത്തില്‍ അബുദബി അന്താരഷ്ട്ര വിമാനത്താവളത്തിന് അഭിമാനകരമായ പങ്കുണ്ടെന്നും രാജ്യത്തിന്റെ 50 വര്‍ഷത്തെ നേട്ടങ്ങളില്‍ 40 വര്‍ഷത്തെ വളര്‍ച്ചക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നതായും അബുദാബി എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഷെരീഫ് അല്‍ ഹാഷ്മി പറഞ്ഞു.
ഉപഭോക്തൃ ആത്മവിശ്വാസം വീണ്ടെടുക്കുകയും, മെച്ചപ്പെട്ട സുസ്ഥിരത വര്‍ദ്ധിപ്പിക്കുകയും വ്യവസായ രംഗത്തെ മുന്‍നിര വിമാനത്താവള അനുഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ പുതിയ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും ബിസിനസ്സ് ചെയ്യാനുള്ള വഴികളും ഞങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുമെന്നും നമ്മുടെ മുന്‍കാല നേട്ടങ്ങളില്‍ അഭിമാനിക്കുന്നതുപോലെ, നമ്മുടെ ശോഭനമായ ഭാവിയെക്കുറിച്ച് ഞങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശോഭനമായ വ്യോമയാന ഭാവിക്ക് അബുദാബി വഴിയൊരുക്കും. അബുദബി അന്താരഷ്ട്ര വിമാനത്താവളം 40 വര്‍ഷമായി ലോകത്തെ അബുദബിയുമായി ബന്ധിപ്പിക്കുകയും വിനോദസഞ്ചാരം, വ്യാപാരം, വാണിജ്യം എന്നിവയുടെ മുന്‍നിര ലക്ഷ്യസ്ഥാനമായി എമിറേറ്റിന്റെ ഉദയത്തിന് ആക്കം കൂട്ടുകയും ചെയ്തു അബുദബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ പറഞ്ഞു.