Uae
അബൂദബി അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് തുടക്കം
അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെ നടക്കുന്ന പ്രദര്‍ശനം നവംബര്‍ 29 വരെ നീണ്ടുനില്‍ക്കും.
![](https://assets.sirajlive.com/2023/11/fo-897x538.gif)
അബൂദബി | അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് അബൂദബി പ്രദര്‍ശന നഗരിയില്‍ തുടക്കമായി. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെ നടക്കുന്ന പ്രദര്‍ശനം നവംബര്‍ 29 വരെ നീണ്ടുനില്‍ക്കും.
യു എ ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശന നഗരിയിലുണ്ട്. പലചരക്ക്, ഓര്‍ഗാനിക് & വെല്‍നസ്, മാംസം, ഫുഡ്ടെക്, മിഠായി, തേന്‍, ഈന്തപ്പഴം, പാല്‍ എന്നിവയുടെ സ്റ്റാളുകളാണ് പ്രധാനമായും പ്രദര്‍ശന നഗരിയിലുള്ളത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പാചക വിദഗ്ധരുടെ ലൈവ് പാചക പ്രദര്‍ശനവും പാചക മത്സരവും ഭക്ഷ്യോത്സവത്തിന്റെ പ്രത്യേകതയാണ്. പുതിയ ഉത്പന്നങ്ങളെ അടുത്തറിയാനും തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയെ പരിചയപ്പെടുത്താനും പ്രദര്‍ശനം സഹായിക്കുന്നതായി വിവിധ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
രാവിലെ പത്തിന് തുടങ്ങുന്ന പ്രദര്‍ശനം വൈകിട്ട് ആറ് വരെയാണ്. മഹോത്സവ നഗരിയില്‍ ഇന്ത്യ പ്രത്യേകം പവലിയന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ ഉത്പന്ന മേഖലയില്‍ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഉയര്‍ന്നുവരുന്ന മാറ്റങ്ങളെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പ്രദര്‍ശനം നല്‍കുന്നു.
പ്രമുഖ റീട്ടെയ്ലര്‍ ലുലു ഗ്രൂപ്പ് ശ്രദ്ധേയമായ പങ്കാളിത്തമാണ് ഭക്ഷ്യോത്സവത്തില്‍ വഹിക്കുന്നത്. ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി ഡയറക്ടര്‍മാരായ ഷമീം സൈനുല്‍ ആബിദീന്‍, റിയാദ് ജബ്ബാര്‍, ടി കെ നൗഷാദ് എന്നിവര്‍ വിവിധ കമ്പനികളുമായുള്ള ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു.