Kerala
അബുദബി പാചകവാതക സ്ഫോടനം; പരുക്കേറ്റ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
ഖാലിദിയ ഏരിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റ് കെട്ടിടത്തിലെ കേന്ദ്രീകൃത പാചകവാതക സംഭരണിയിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് 120 പേരിൽ 106 പേർ ഇന്ത്യക്കാരാണെന്ന് അബുദബി ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു
കാഞ്ഞങ്ങാട് | അബൂദബി ഖാലിദിയയിൽ കെട്ടിടത്തിലെ പാചകവാതക കേന്ദ്രീയ സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ്റെ മകൻ ധനേഷ് (32 ) മരണപെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രണ്ട് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദാബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്. പൊട്ടിത്തെറിയിൽ ശശീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദബി ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാവ്: നാരായണി, സഹോദരങ്ങൾ : ധനുഷ്, ധനു.
ഖാലിദിയ ഏരിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റ് കെട്ടിടത്തിലെ കേന്ദ്രീകൃത പാചകവാതക സംഭരണിയിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് 120 പേരിൽ 106 പേർ ഇന്ത്യക്കാരാണെന്ന് അബുദബി ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു. അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. രണ്ടാമത്തെയാൾ പാകിസ്ഥാൻ സ്വാദേശിയാണെന്ന് അബൂദബിയിലെ പാകിസ്ഥാൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, അണ്ടർസെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു ആശ്വസിപ്പിച്ചു.