Connect with us

Uae

ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് അബൂദബി മലയാളി സമാജം

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കേണ്ട അവസരത്തില്‍, വര്‍ഗീയ മുതലെടുപ്പിനു ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം.

Published

|

Last Updated

അബൂദബി | പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അബൂദബി മലയാളി സമാജം. അക്രമത്തില്‍ മരിച്ചവര്‍ക്ക് മെഴുകുതിരികള്‍ കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബൈസരണ്‍ താഴ്വരയില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണം മനുഷ്യത്വത്തിനും സമാധാനത്തിനും എതിരായ ഹീന പ്രവൃത്തിയാണെന്നും ഭീകര കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമാജം ആവശ്യപ്പെട്ടു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സമാജം, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കേണ്ട അവസരത്തില്‍, വര്‍ഗീയ മുതലെടുപ്പിനു ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കശ്മീരിന്റെ മനോഹരമായ താഴ്വരകളില്‍ സമാധാനവും സൗഹാര്‍ദവും പുനഃസ്ഥാപിക്കാന്‍ ഒരുമിച്ച് പ്രയത്‌നിക്കണമെന്നും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയില്‍ ട്രഷറര്‍ യാസര്‍ അറാഫത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി സ്വാഗതവും ലൈബ്രേറിയന്‍ എ പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

സമാജം കോര്‍ഡിനേഷന്‍ വൈസ് ചെയര്‍മാന്‍ എ എം അന്‍സാര്‍, ലേഡീസ് വിങ് ജോയിന്റ് കണ്‍വീനര്‍ ശ്രീജ പ്രമോദ്, കോര്‍ഡിനേഷന്‍ കണ്‍വീനര്‍മാരായ കെ വി ബഷീര്‍, ബി ദശപുത്രന്‍, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാസിര്‍, സാജന്‍ ശ്രീനിവാസന്‍, സുധീഷ് കൊപ്പം, മഹേഷ് എളനാട്, എന്‍ ശശി, സൈജു പിള്ള, ചിലു സൂസണ്‍ മാത്യു, കോര്‍ഡിനേഷന്‍ സംഘടനാ നേതാക്കള്‍, സമാജം അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ പങ്കെടുത്തു.