Uae
സൈക്കിൾ കാരിയർ ഉള്ള വാഹനങ്ങൾക്ക് അധിക നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്ന് അബുദബി പോലീസ്
സൈക്കിള്‍ റാക്ക് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വാഹന നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്നത് ഗതാഗത നിയമലംഘനവും 400 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്

അബുദബി | സൈക്കിള്‍ കാരിയര്‍ ഉള്ള വാഹനങ്ങള്‍ക്ക് അധിക നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്ന് അബുദബി പോലീസ്. സൈക്കിള്‍ റാക്ക് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വാഹന നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്നത് ഗതാഗത നിയമലംഘനവും 400 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. വാഹനമോടിക്കുന്നവര്‍ അധിക പ്ലേറ്റ് സൈക്കിള്‍ ഹോള്‍ഡറിന്റെ അടിഭാഗത്തോ സൈക്കിള്‍ കയറ്റുന്ന വാഹനങ്ങളുടെ ബൂട്ടിലോ ട്രങ്കിലോ സ്ഥാപിക്കണം. വാഹനത്തിന്റെ പ്ലേറ്റ് മറക്കുന്നത് ഒഴിവാക്കാനും അതുവഴി ലഭിക്കാവുന്ന പിഴ ഒഴിവാക്കാനും ഈ അധിക ലൈസന്‍സ് പ്ലേറ്റ് ലക്ഷ്യമിടുന്നു സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡ്രൈവേഴ്സ് ആന്‍ഡ് മെഷീന്‍സ് ലൈസന്‍സിംഗ് ഡയറക്ടറേറ്റ് കേണല്‍ മുഹമ്മദ് അല്‍-ബെറെക് അല്‍-അമ്രി പറഞ്ഞു.
തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ പ്ലേറ്റുകള്‍ മറച്ചതിന് ജൂണ്‍ 30 വരെ അബുദാബിയില്‍ 5,000-ത്തിലധികം വാഹനമോടിക്കുന്നവരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ചില വാഹനയാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങളുടെ പിന്‍ഭാഗത്ത് ലോഡുകളോ സൈക്കിളുകളോ കൊണ്ടുപോകുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുന്നു, മറ്റു ചിലര്‍ അമിതവേഗതയില്‍ ഏര്‍പ്പെടുന്ന വാഹനങ്ങളെ പിടിക്കാന്‍ റോഡുകളിലും ഹൈവേകളിലും സ്ഥാപിച്ചിരിക്കുന്ന റഡാറുകളും ക്യാമറകളും ഒഴിവാക്കാന്‍ ബോധപൂര്‍വം അവ മറയ്ക്കുന്നു പോലീസ് പറഞ്ഞു.