Uae
അബൂദബി; യാത്രാവിലക്ക് ഇനി സ്വയമേവ ഇല്ലാതാവും
യാത്രാ നിരോധനം നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഒമ്പതിൽ നിന്ന് പൂജ്യമായി വെട്ടിക്കുറച്ചതായും മന്ത്രാലയം പറഞ്ഞു.
അബൂദബി | യാത്രാ നിരോധനം നീക്കാൻ ഇനി പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. യാത്ര നിരോധമുള്ള കേസ് പരിഹരിച്ചുകഴിഞ്ഞാൽ യാന്ത്രികമായി യാത്രാവിലക്ക് കാൻസൽ ചെയ്യപ്പെടുമെന്ന് യു എ ഇ നീതിന്യായ മന്ത്രാലയം പുതിയ അറിയിപ്പിൽ വ്യക്തമാക്കി.
യാത്രാ നിരോധനം നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഒമ്പതിൽ നിന്ന് പൂജ്യമായി വെട്ടിക്കുറച്ചതായും മന്ത്രാലയം പറഞ്ഞു. നേരത്തെ നിരോധനം റദ്ദാക്കുന്നതിന് ക്ലിയറൻസും ചില അനുബന്ധ രേഖകളും സമർപ്പിക്കണം. ഇപ്പോൾ, ഇവ ആവശ്യമില്ല. പ്രോസസ്സിംഗ് സമയം ഒരു പ്രവർത്തി ദിവസത്തിൽ നിന്ന് മിനിറ്റുകളായി വെട്ടിക്കുറക്കുകയും ചെയ്തു.
ഫെഡറൽ സർക്കാർ സേവനങ്ങളുടെ ഫലപ്രാപ്തി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം ആരംഭിച്ച യു എ ഇയുടെ സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി അബൂദബിയിലെയും ദുബൈയിലെയും ജുഡീഷ്യൽ അധികാരികൾ തീർപ്പാക്കാത്ത പിഴകൾ തീർപ്പാക്കുമ്പോൾ യാത്രാവിലക്കുകൾ റദ്ദാക്കുന്നത് യാന്ത്രികമാക്കിയിട്ടുണ്ട്.