Uae
ലോകത്തിലെ ആദ്യത്തെ സമ്പൂർണ എ ഐ - നേറ്റീവ് ഗവൺമെന്റ് ആകാൻ അബൂദബി
13 ബില്യൺ ദിർഹത്തിന്റെ പദ്ധതി• 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
അബൂദബി| 2027 ഓടെ അബൂദബി സർക്കാർ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് സജീവമാക്കും. സർക്കാർ പ്രക്രിയകൾ പൂർണമായും ഓട്ടോമേറ്റഡ് ആയി മാറും. ഇതിനായി ക്ലൗഡ് കമ്പ്യൂട്ടിംഗ് നെറ്റ് വർക്ക് പൂർണമായും സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തന്ത്രം ആരംഭിച്ചതായി അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
അബൂദബി ഗവൺമെന്റ്ഡിജിറ്റൽ സ്ട്രാറ്റജി 2025-27 ലൂടെ ലോകത്തിലെ ആദ്യത്തെ “സമ്പൂർണ എ ഐ- നേറ്റീവ് ഗവൺമെന്റ‌്’ ആകുകയാണ് ലക്ഷ്യം. ഇതിനായി 13 ബില്യൺ ദിർഹം അനുവദിച്ചു. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് അബൂദബി ഗവൺമെന്റ്എനേബിൾമെന്റ്‌വകുപ്പ് പദ്ധതി നടപ്പിലാക്കും. പ്രവർത്തനങ്ങളും സേവനങ്ങളും പരിവർത്തനം ചെയ്യുന്നതിനൊപ്പം ഈ സംരംഭം 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അബൂദബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
പുതിയ സങ്കേതങ്ങളിലൂടെ പൊതു സേവന വിതരണം മാറ്റുകയും സർക്കാർ പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുകയും ചെയ്യുമെന്ന് ഗവൺമെന്റ്എനേബിൾമെന്റ്്വകുപ്പ് ചെയർമാൻ അഹ്്മദ് ഹിശാം അൽ കുത്താബ് പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങൾക്കായി സോവറിൻ ക്ലൗഡ് കമ്പ്യൂട്ടിംഗ് പൂർണമായും സ്വീകരിക്കും. നൂറ് ശതമാനം പ്രക്രിയകളും ഡിജിറ്റൈസ് ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമുള്ള അടിത്തറ സൃഷ്ടിക്കും. ഏകീകൃത ഡിജിറ്റൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇ ആർ പി) പ്ലാറ്റ്‌ഫോം വികസിപ്പിക്കൽ, പ്രക്രിയകൾ കാര്യക്ഷമമാക്കൽ, ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.