Connect with us

Uae

അബൂദബിയിൽ ആളുകളെ കുത്തിനിറച്ച വീടുകൾക്ക് പത്ത് ലക്ഷം വരെ പിഴ ചുമത്തും

'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന പേരിലുള്ള ക്യാമ്പയിനിൽ ഒക്യുപെൻസി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Published

|

Last Updated

അബൂദബി|റെസിഡൻഷ്യൽ പ്രോപ്പർട്ടികളിലെ തിരക്ക് പരിഹരിക്കുന്നതിനായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി) പുതിയ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. “നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന പേരിലുള്ള ക്യാമ്പയിനിൽ ഒക്യുപെൻസി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രോപ്പർട്ടി ഉടമകൾ, നിക്ഷേപകർ, വാടകക്കാർ എന്നിവരെ ലക്ഷ്യം വച്ചാണ് പ്രചാരണം. വെളിപ്പെടുത്താത്ത വാടക കരാറുകൾ ഒഴിവാക്കുക, തൗതീഖ് സിസ്റ്റത്തിൽ രജിസ്‌ട്രേഷൻ ഉറപ്പാക്കുക, അനധികൃത മേൽവാടക തടയുക, എന്നിവയുൾപ്പെടെ പ്രോപ്പർട്ടി ഒക്യുപൻസി നിയമങ്ങൾ പാലിക്കുന്നുവെന്നും ക്യാമ്പയിൻ ഉറപ്പാക്കും.
തിരക്കേറിയ പ്രോപ്പർട്ടികൾ തിരിച്ചറിയുന്നതിനായി ഡി എം ടി പരിശോധന നടത്തും. പാലിക്കാത്തതിന് 5,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴകൾ ഈടാക്കുന്നു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പത്ത്് ലക്ഷം ദിർഹം വരെ പിഴയും തൗതീഖ് കരാറുകൾ താത്കാലികമായി നിർത്തിവെക്കലും നേരിടേണ്ടിവരും.
താഴ്ന്ന വരുമാനക്കാരായ താമസക്കാർക്ക് ഉചിതമായ ഭവനങ്ങൾ വാഗ്ദാനം ചെയ്യാനും അവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വീട്ടുടമസ്ഥരോടും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളോടും ഡി എം ടി അഭ്യർഥിച്ചു. റെസിഡൻഷ്യൽ ഏരിയകളിലെ തിരക്ക് കുറക്കാൻ നിയന്ത്രണങ്ങൾ നടപ്പിലാക്കി ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
നിയുക്ത മവാഖിഫ് പാർക്കിംഗ് സോണുകളിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പരിശോധിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

Latest