Prathivaram
അനുഭൂതിയേകും അബൂ ഉബൈദ(റ) മഖാം
വിശാലമായ പള്ളിമുറ്റം, മുറ്റത്തിലൂടെ നടന്നു ബഹുമാനപ്പെട്ട അബൂ ഉബൈദ ആമിറുബ്നുൽ ജർറാഹ് (റ) ന്റെ മഖ്‌ബറയിൽ എത്തി. ജോർദാനിലെ പ്രധാനികളായ സ്വഹാബിമാരുടെ മഖ്‌ബറകളെല്ലാം കമനീയമാണ്. സ്വഹാബിമാരുടെ മഹത്വം മനസ്സിലാക്കിത്തരും വിധം വലിയ മഖ്‌ബറകളാണ് അവിടെ പണി കഴിപ്പിച്ചിട്ടുള്ളത്.
ളുഹർ നിസ്കാരത്തിന്റെ സമയത്താണ് അബൂ ഉബൈദ (റ) ന്റെ പേരിൽ നിർമിക്കപ്പെട്ട പള്ളിയിലെത്തുന്നത്. ജംഉം കസ്റുമാക്കി നിസ്കരിച്ചു പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ ഒരുങ്ങിയപ്പോൾ ജോർദാൻകാരനായ ഒരാൾ ആ യാത്രയിൽ സംഘത്തിലുണ്ടായിരുന്ന ചെറിയ എ പി ഉസ്താദിനെ സമീപിച്ചു. ഇവിടുത്തെ ജമാഅത്തിൽ നിങ്ങൾ എന്തു കൊണ്ട് സംബന്ധിക്കുന്നില്ല എന്ന് ചോദിച്ചു.
“ഞങ്ങൾ ഒന്നിച്ചു ജമാഅത്തായി നിസ്കരിക്കാൻ സംഘത്തിലുള്ള മുഴുവൻ ആളുകളെയും കാത്തിരിക്കുകയായിരുന്നു. ഇവിടെ ജമാഅത്ത് അവസാനിക്കാറായി, അപ്പോൾ പൂർണമായി ഒരു ജമാഅത്ത് ലഭിക്കാനും സംഘത്തിലുള്ള മുഴുവൻ ആളുകൾക്കും ജമാഅത്ത് കിട്ടാനും ഞങ്ങൾ കാത്തിരിക്കുകയായിരുന്നു’ എന്ന് സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ട് വന്ദ്യരായ ചെറിയ എ പി ഉസ്താദ് വിവരിച്ചു കൊടുത്തു. വിവരണത്തിൽ സംതൃപ്തനായ ജോർദാനി, സന്തോഷം പറഞ്ഞു ഞങ്ങളെ അബൂ ഉബൈദ (റ) ന്റെ മഖാമിലേക്ക് ആനയിച്ചു.
വിശാലമായ പള്ളിമുറ്റം, മുറ്റത്തിലൂടെ നടന്നു ബഹുമാനപ്പെട്ട അബൂ ഉബൈദ ആമിറുബ്നുൽ ജർറാഹ് (റ) ന്റെ മഖ്‌ബറയിൽ എത്തി. ജോർദാനിലെ പ്രധാനികളായ സ്വഹാബിമാരുടെ മഖ്‌ബറകളെല്ലാം കമനീയമാണ്. സ്വഹാബിമാരുടെ മഹത്വം മനസ്സിലാക്കിത്തരും വിധം വലിയ മഖ്‌ബറകളാണ് അവിടെ പണി കഴിപ്പിച്ചിട്ടുള്ളത്.
മുന്പൊരിക്കൽ സുൽത്താനുൽ ഉലമ ഉസ്താദിനോടൊപ്പം അവിടെ വന്നപ്പോൾ ഈ മഖാമിന്റെ ഉദ്ഘാടനത്തിന് ഗവണ്മെന്റ് അതിഥിയായി ഉസ്താദിനെ ക്ഷണിക്കപ്പെട്ടതും പരിപാടിയിൽ വന്നതുമെല്ലാം അന്ന് ഉസ്താദ് വിവരിച്ചിട്ടുണ്ടായിരുന്നു.
തിരു നബി( സ ) തങ്ങളുടെ മുന്നിൽ സമർപ്പിതനായ അനുയായി ആയിരുന്നു അബൂ ഉബൈദ ആമിർ (റ). തന്റെ പിതാവ് തിരു നബിയെ പരിഹസിക്കുന്നതും ശകാരിക്കുന്നതും സഹിക്കാൻ കഴിയാതെ, പിതാവിനെതിരെ ശക്തമായ നിലപാടെടുത്ത അബൂ ഉബൈദ (റ ) നെ പ്രകീർത്തിച്ചു കൊണ്ടു പരിശുദ്ധ ഖുർആനിൽ സൂക്തം ഇറങ്ങിയിട്ടുണ്ട്.
നബി(സ) തങ്ങളുടെ ശരീരത്തിൽ തറഞ്ഞു കിടക്കുന്ന അമ്പ് പല്ലുകളെ കൊണ്ടു കടിച്ചു പിടിച്ചു വലിച്ചൂരുന്നതിനിടയിൽ തന്റെ പല്ലുകളെല്ലാം കൊഴിഞ്ഞു പോയപ്പോൾ, അതിൽ പരിഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു ത്യാഗം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയായിരുന്നു മഹാനവർകൾ.
“സുന്ദരനായ തൊണ്ണൻ’ എന്ന അപരനാമത്തിൽ ഇതിന്റെ പേരിൽ മഹാനവർകൾ അറിയപ്പെട്ടിട്ടുണ്ടായിരുന്നു.
ഉമറുൽ ഫാറൂഖ് (റ)ന്റെ ഭരണകാലത്ത് ജോർദാനിലെ ഗവർണറായി മഹാനവർകൾ നിയോഗിക്കപ്പെട്ടു. അതിശക്തമായി പടർന്നു പന്തലിച്ച “പ്ലേഗ്’ രോഗം നൂറുകണക്കിന് സ്വഹാബിമാർ മരണപ്പെടാൻ കാരണമായി.
ഷാമിന്റെ ഭാഗങ്ങളിൽ “പ്ലേഗ്’ രോഗം വ്യാപിച്ചപ്പോൾ, ഉമറുൽ ഫാറൂഖ് (റ) തന്റെ ഗവർണറും, സ്നേഹിതനുമായ “അബൂ ഉബൈദ(റ)’ വിനു ഒരു കത്തയച്ചു.
“അബൂ ഉബൈദ, ഉമറിൽ നിന്നാണ് കത്ത്.’ ഈ കത്ത് രാവിലെ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ വൈകുന്നേരം വരെ നിങ്ങൾ കാത്തു നിൽക്കരുത്. ഉടനെ എന്റെ അടുത്ത് വരണം.
വൈകുന്നേരം ആണ് കത്ത് ലഭിക്കുന്നതെങ്കിൽ, പുലരുവോളം കാത്തു നിൽക്കാതെ ഉടനെ എന്റെ അടുത്തേക്ക് പുറപ്പെടണം.’
കത്ത് കിട്ടി വായിച്ചു, കണ്ണീരൊലിപ്പിച്ചു ഉമറി(റ)ന്റെ ഉദ്ദേശ്യം തന്റെ സംരക്ഷണമാണെന്ന് പറഞ്ഞു ബഹുമാനപ്പെട്ടവർ തീരുമാനിച്ചു.എന്റെ സ്നേഹിതന്മാരെയും വിട്ട് ജീവനും കൊണ്ട് ഓടാൻ ഞാനില്ല. ഇവർക്കിടയിൽ തന്നെ, ഇവരോടൊപ്പം ജീവിച്ചു ഇവിടെ മരണപ്പെടുകയാണെങ്കിൽ അതാണെനിക്ക് നല്ലത്.
സന്തോഷത്തോടെ തിരിച്ചു വരവിനുള്ള ക്ഷണം തിരസ്കരിക്കുകയായിരുന്നു അബൂ ഉബൈദ(റ). ആ രോഗത്തിൽ മഹാനവർകൾ മരണപ്പെടുകയും, ജോർദാനിൽ മഹാനവർകൾക്ക് ഖബർ ഒരുങ്ങുകയും ചെയ്തു.മഹാനവർകളുടെ മഖ്‌ബറയുടെ ചാരത്ത് നിൽക്കുമ്പോൾ, തീർച്ചയായും സ്വർഗീയ സുഗന്ധം അനുഭവിക്കാൻ ആത്മജ്ഞാനികൾക്ക് സാധിക്കും. സ്വർഗം കൊണ്ടു സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് പ്രധാനികളായ സ്വഹാബിമാരിൽ ഒരാളാണ് അബൂ ഉബൈദ (റ).