Kerala
സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപം; നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍
ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്.
കൊച്ചി | സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശിയായ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള നടിയുടെ പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍.
തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു