Kerala
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം ; പി വി അന്‍വറിനെതിരെ പരാതി
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി
പാലക്കാട് | രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ്. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്‌തെന്നും തേജോവധം ചെയ്‌തെന്നുമാണ് പരാതി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. താന്‍ പൊളിറ്റിക്കല്‍ ഡിഎന്‍എ ആണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയിലെ ഒരാള്‍ കേരളത്തില്‍ വന്നിട്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചത് കോണ്‍ഗ്രസാണ്.ബയോളജിക്കല്‍ ഡിഎന്‍എ എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വമാണ്. രാഹുലിന്റെ ബയോളജിക്കല്‍ ഡിഎന്‍എയെ കുറിച്ച് ഞങ്ങള്‍ക്കൊരു സംശയവുമില്ല. കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടോയെന്ന് അവര്‍ പറയണ്ടതാണെന്നും പി വി അന്‍വര്‍ പരിഹസിച്ചു.
‘ നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്.
അതേ സമയം പിവി അന്‍വറിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. അന്‍വര്‍ രാഷ്ട്രീയ ഡിഎന്‍എയെ കുറിച്ചാണ് പറഞ്ഞത്. ഈ പരാമര്‍ശത്തെ ജൈവികമായി കാണേണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.