Connect with us

Kerala

രാഹുല്‍ ഗാന്ധിക്കെതിരായ അന്‍വറിന്റെ അപകീര്‍ത്തി പ്രസംഗം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്സ്

പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമെന്ന് എം എം ഹസ്സന്‍.

Published

|

Last Updated

തിരുവനന്തപുരം| കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ നടത്തിയ അപകീര്‍ത്തി പ്രസംഗത്തിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി വി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി വി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

പരാതിയുടെ പൂര്‍ണരൂപം: പാലക്കാട് മണ്ഡലത്തിലെ എടത്തനാട്ടുകര എല്‍ ഡി എഫ് ലോക്കല്‍ കമ്മിറ്റിയുടെ പൊതുയോഗത്തില്‍ പി വി അന്‍വര്‍ എം എല്‍ എ നടത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചു കൊണ്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശമാണ്. രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബത്തിലെയാണോയെന്ന് സംശയമുണ്ടെന്നും രാഹുലിന്റെ ഡി എന്‍ എ പരിശോധിക്കണമെന്നും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് അന്‍വര്‍ നടത്തിയത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

അന്‍വറിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് മാത്രമല്ല, ജനപ്രതിനിധികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന മാന്യതയുടെയും മര്യാദയുടെയും ലംഘനവുമാണെന്ന് എം എം ഹസ്സന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്ക് നേരെയുള്ള ഗുരുതരമായ ഹത്യയും അധാര്‍മികവും മനുഷ്യത്വരഹിതവുമായ വാക്കുകളും നഗ്‌നമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മരണകളെ അനാദരിച്ചതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു.

രാഷ്ട്ര സേവനത്തിനായി ജീവിതം സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ കുടുംബാംഗങ്ങളുടെ പാരമ്പര്യത്തെ പരോക്ഷമായി അവഹേളിക്കുന്നതുമാണ് അന്‍വറിന്റെ പ്രസംഗം. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും യശസ്സ് കളങ്കപ്പെടുത്തുന്നതും അവര്‍ വഹിച്ച ഉന്നത പദവികളുടെ അന്തസ്സ് ഇല്ലാതാക്കുന്നതുമാണ്.

അവഹേളനപരവും അടിസ്ഥാനരഹിതവുമായ ഇത്തരം പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണതയെ മോശമായി പ്രതിഫലിപ്പിക്കും. ജനാധിപത്യ സംവിധാനത്തിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുത്തും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അമ്മൂമ്മയുടെയും അച്ഛന്റെയും വംശപരമ്പരയില്‍ ഉള്‍പ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശം ധിക്കാരപരവും സാമൂഹിക മാനദണ്ഡങ്ങള്‍ക്ക് എതിരുമാണ്.

ഈ പശ്ചാത്തലത്തില്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും ബാധകമായ മറ്റ് ശിക്ഷാ നിയമങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകള്‍ക്കനുസൃതമായി അന്‍വറിനെതിരെ അടിയന്തര നടപടിയെടുക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അധികാരികളുടെ ഉത്തരവാദിത്വമാണ്.

 

 

 

 

 

 

---- facebook comment plugin here -----

Latest