Kerala
ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; സത്യഭാമ കീഴടങ്ങണമെന്ന് ഹൈക്കോടതി
ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം
കൊച്ചി | നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ കീഴടങ്ങങ്ങണമെന്ന് ഹൈക്കോടതി . ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അധിക്ഷേപ പരാമര്‍ശത്തില്‍ സത്യഭാമക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോമെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു