National
ജെഎന്‍യുവില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വം: എം.കെ സ്റ്റാലിന്‍
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും വൈസ് ചാന്‍സലറോട് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.
ചെന്നൈ| ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും വൈസ് ചാന്‍സലറോട് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.
സര്‍വ്വകലാശാലകള്‍ പഠിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള ഇടങ്ങളാണെന്ന് അദ്ദേഹം ട്വീറ്ററില്‍ പറഞ്ഞു. ജെഎന്‍യുവില്‍ എബിവിപി തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയത് ഭീരുത്വം നിറഞ്ഞ ആക്രമണവും പെരിയാര്‍, കാള്‍ മാര്‍ക്സ് തുടങ്ങിയ നേതാക്കളുടെ ഛായാചിത്രങ്ങള്‍ നശിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയും ഡല്‍ഹി പൊലീസും തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ കാഴ്ചക്കാരാകുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ബോംബെ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നീതി തേടി നടത്തിയ മാര്‍ച്ചിനിടയിലായിരുന്നു സംഘര്‍ഷം.